ചെന്നൈ : ലോക ബാങ്കിന്റെ പിന്തുണയോടെ തമിഴ്നാട്ടിൽ 1,185 കോടിരൂപ ചെലവിൽ വനിതാ ശാക്തീകരണത്തിനായി വിവിധപദ്ധതികൾ നടപ്പിലാക്കുന്നു.
തൊഴിലുംസുരക്ഷയും ഒരുക്കി സ്ത്രികളെകരുത്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അഞ്ചുവർഷത്തെ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് മന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
ഇതുപ്രകാരം നടപ്പ് അധ്യയനവർഷംമുതൽ സൈക്കോമെട്രിക് പരിശോധനയിലൂടെ എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള സർക്കാർസ്കൂൾവിദ്യാർഥിനികളുടെ പ്രതിഭകണ്ടെത്തി സംരംഭകത്വ നൈപുണ്യ പരിശീലനംനൽകും.
ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങളും ഒരുക്കും. എട്ടുജില്ലകളിൽ സ്ത്രീകളുടെ കഴിവുകൾകണ്ടെത്തി ഗുണമേന്മയുള്ള തൊഴിൽപദ്ധതി വികസിപ്പിച്ച് നടപ്പിലാക്കും.
നൈപുണ്യ വികസനം, സംരംഭകത്വം, മനഃശാസ്ത്രപരമായ കൗൺസിലിങ്, തൊഴിൽ എന്നിവയെക്കുറിച്ച് വനിതകൾക്ക് ആശയവിനിമയംനടത്താനായി പ്രത്യേകകേന്ദ്രം സജ്ജമാക്കും.
സർക്കാർകോളേജുകളിലെ അവസാനവർഷ വിദ്യാർഥികൾക്ക് വ്യാവസായിക ഇന്റേൺഷിപ്പ് പരിശീലനംനൽകും. സംസ്ഥാനത്തെ പത്ത് വനിതാവ്യവസായപരിശീലന സ്ഥാപനങ്ങളിലും നാല് വനിതാപോളിടെക്നിക്കുകളിലും ശാസ്ത്ര-സാങ്കേതികത, എൻജിനീയറിങ്, ഗണിതം തുടങ്ങിയവയ്ക്കായി പ്രത്യേകകേന്ദ്രം സ്ഥാപിക്കും.
സ്ത്രീ തൊഴിലാളികളെയും ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെയും സഹായിക്കുന്നതിനായി ക്രഷ്-കം-സ്കൂളുകളും വയോജന കമ്മ്യൂണിറ്റികേന്ദ്രങ്ങളും സജ്ജമാക്കും.
ജോലിഅന്വേഷിക്കുന്ന ബിരുദധാരികളായ വനിതകൾക്ക് അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ‘സ്കിൽസ്-ഫിനിഷിങ് സ്കൂളുകൾ’ എന്ന പദ്ധതിതുടങ്ങും.
മികച്ച വിഭ്യാഭ്യാസസ്ഥാപനങ്ങളിൽ അന്താരാഷ്ട്ര സർട്ടിഫിക്കേഷനും വ്യാവസായികഅംഗീകാരവുമുള്ള നൈപുണ്യ അധിഷ്ഠിത കോഴ്സുകൾആരംഭിക്കും.
സ്ത്രീ സമൂഹത്തിൽനിന്ന് പ്രതിഭകളെ വളർത്തിയെടുക്കുക, വിദ്യാഭ്യാസ-വ്യവസായ വിടവ് നികത്തുക, സ്ത്രീകളെയും പ്രായമായവരെയും പരിപാലിക്കുക എന്നിവയ്ക്കാണ് പദ്ധതികളിലൂടെ ഊന്നൽ നൽകുന്നതെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.