ചെന്നൈ : ദക്ഷിണറെയിൽവേയുടെ ഗതിശക്തി പദ്ധതിപ്രകാരം ആർക്കോണത്ത് മൾട്ടിമോഡൽ ചരക്ക് ടെർമിനൽ നിർമിക്കും.
ചരക്ക് ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർക്കോണം റെയിൽവേ സ്റ്റേഷനുസമീപം ഒരുലക്ഷം ഏക്കറിൽ ചരക്ക് ടെർമിനൽ നിർമിക്കുന്നത്.
ചരക്ക് എളുപ്പം കൈമാറുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. രണ്ട് ചരക്ക് തീവണ്ടികൾക്ക് പൂർണമായും നിർത്തിയിടാനുള്ള സൗകര്യമുണ്ട്.
ചരക്ക് നീക്കത്തിന്റെ വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ടെർമിനൽ സ്ഥാപിക്കുന്നത്. ടെർമിനലിന്റെ നിർമാണം പൂർത്തിയായാൽ വർഷത്തിൽ പത്തുലക്ഷം ടൺ ചരക്ക് ടെർമിനൽ കൈകാര്യംചെയ്യും.
ടെർമിനൽ വരുന്നതോടെ റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ കൂടുതൽപേർക്ക് ജോലി ലഭിക്കും.
ഈ ജില്ലകളിലെ കാർഷിക-വ്യാവസായിക ഉത്പന്നങ്ങൾ വിവിധസ്ഥലങ്ങളിലേക്ക് കയറ്റി അയക്കാം രാജ്യത്ത് ഇതുപോലെ 200 ടെർമിനലുകൾ സ്ഥാപിക്കാനാണ് റെയിൽവേമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യപങ്കാളിത്വത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ജെ.എസ്.ഡബ്ല്യു. ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ സഹകരണത്തോടെയാണ് ടെർമിനൽ സ്ഥാപിക്കുക. റെയിൽവേ 35 വർഷത്തേക്ക് പാട്ടത്തിന് നൽകുന്ന ഭൂമിയിൽ കമ്പനി ടെർമിനൽ നിർമിക്കാനായി 50 കോടിരൂപ നിക്ഷേപിക്കും.
എന്നാൽ ചരക്ക് നീക്കത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതപങ്ക് എല്ലാവർഷവും റെയിൽവേക്ക് നൽകുകയും വേണമെന്നാണ് വ്യവസ്ഥ.