ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിൽ 66 പേർ മരിച്ചസംഭവത്തിൽ സത്യം പുറത്തുവരണമെങ്കിൽ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി എൽ. മുരുഗൻ പറഞ്ഞു.
കഴിഞ്ഞവർഷം കള്ളക്കുറിച്ചിയുടെ സമീപജില്ലയായ വിഴുപുരത്തെ മരക്കാനത്തുണ്ടായ വിഷമദ്യദുരന്തത്തിൽ 23 പേർ മരിച്ചിരുന്നു. മരക്കാനത്തുണ്ടായ വിഷമദ്യദുരന്തം സി.ബി.സി.ഐ.ഡി.യാണ് അന്വേഷിച്ചത്.
ഇതുവരെ അന്വേഷണറിപ്പോർട്ട് പുറത്തുവന്നിട്ടില്ല. കള്ളക്കുറിച്ചിയിൽ 66 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയുംചെയ്തിട്ടുണ്ട്.
കേസ് സി.ബി.സി.ഐ.ഡി.യാണ് അന്വേഷിക്കുന്നത്. സംസ്ഥാന അന്വേഷണ എജൻസിയായതിനാൽ യഥാർഥവിവരം പുറത്തുവരുകയില്ല. അതിനാൽ വിഷമദ്യ വിൽപ്പനയെ എതിർക്കാത്ത ഉദ്യോഗസ്ഥർക്കുനേരേയും നടപടി സ്വീകരിക്കണം.
ഏറെക്കാലമായി നടക്കുന്ന വിഷമദ്യവിൽപ്പന എങ്ങനെ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെപോയി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണം.
സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാർട്ടികൾക്കുള്ള പങ്കും പുറത്തു കൊണ്ടുവരണമെങ്കിൽ സി.ബി.ഐ. തന്നെ അന്വേഷിക്കണം. സി.ബി.ഐ. അന്വേഷണത്തിനായി സംസ്ഥാനസർക്കാർ ശുപാർശ ചെയ്യണം -എൽ. മുരുഗൻ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഡി.എം.കെ. മദ്യനിരോധത്തിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടുപോകണം. ഡി.എം.കെ.യുടെ വളർച്ചമാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകരുതെന്നും എൽ. മുരുഗൻ പറഞ്ഞു.