ചെന്നൈ : തമിഴ്നാട് പോലീസിൽ എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി മോഷണംനടത്തിയ യുവതി പിടിയിൽ.
തൂത്തുക്കുടി ജില്ലയിലെ രാജപാളയം സ്വദേശിയായ ഗംഗാദേവിയാണ് രണ്ട് സുഹൃത്തുകളുടെ വീട്ടിൽ പോലീസ്വേഷത്തിലെത്തി കവർച്ചനടത്തിയത്.
ഇവരുടെ സന്ദർശത്തെത്തുടർന്ന് പണം നഷ്ടമായ വീട്ടുകാർ പിന്തുടർന്ന് പിടികൂടുകയും പിന്നീട് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
ചെന്നൈയ്ക്കുസമീപം ചെങ്കൽപ്പേട്ടിൽ എസ്.ഐ.യായി പ്രവർത്തിക്കുകയാണെന്നും ഒരു ഏറ്റുമുട്ടൽക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് സ്വന്തംനാട്ടിൽ വന്നതെന്നുംപറഞ്ഞായിരുന്നു ഗംഗാദേവി സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്.
ആദ്യവീട്ടിലെത്തിയപ്പോൾ അവിടെ സുഹൃത്തിന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളൂ.
കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം ഗംഗാദേവി മടങ്ങി. ഇവിടെനിന്ന് 2,000 രൂപയും ഒരു സ്വർണമാലയും കാണാതാകുകയായിരുന്നു.
കഴിഞ്ഞദിവസം മറ്റൊരുസുഹൃത്തായ വളർമതിയെ സന്ദർശിച്ചു. ഗംഗാദേവിയുടെ പെരുമാറ്റത്തിൽ വളർമതിക്ക് അസ്വാഭാവികതതോന്നിയിരുന്നു.
ഇവർ പോയതിനുശേഷം 2,000 രൂപ കാണാതായതോടെ സംശയമായി. തുടർന്ന്, വളർമതിയും ഭർത്താവും ഗംഗാദേവിയെ പിന്തുടർന്ന് പിടികൂടുകയും പണം കണ്ടെത്തുകയുമായിരുന്നു.
പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഗംഗാദേവി തൊഴിൽരഹിതയായിരുന്നു.