ചെന്നൈ : പ്രധാനാധ്യാപകനെ സ്ഥലം മാറ്റിയതിൽ ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
മയിലാടുതുറൈയിലെ മണൽമേടിനടുത്ത കടുവൻകുടി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകൻ മുരുഗയ്യന്റെ അപ്രതീക്ഷിത സ്ഥലംമാറ്റമാണ് പ്രതിഷേധത്തിനിടയാക്കിയത്.
മുരുഗയ്യനെ സ്ഥലംമാറ്റിയ നടപടി സ്കൂളിന്റെ വികസനത്തെ ബാധിക്കുമെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും അതു തടയാനാവശ്യപ്പെട്ടത്.
പത്തുവർഷം മുമ്പാണ് മുരുഗയ്യൻ സ്കൂളിലെ പ്രധാനാധ്യാപകനായി എത്തിയത്. അന്ന് വെറും 20 വിദ്യാർഥികൾ മാത്രമായിരുന്നു സ്കൂളിലുണ്ടായിരുന്നത്. മുരുഗയ്യൻ ഗ്രാമത്തിലെ വീടുകൾതോറും കയറിയിറങ്ങി രക്ഷിതാക്കളെ ബോധവത്കരിച്ച് കുട്ടികളുടെഎണ്ണം നൂറിലേറെയാക്കി.
അതോടെ സ്കൂളിന്റെ പ്രവർത്തനം കൂടുതൽമെച്ചപ്പെടാൻ തുടങ്ങി. അതിനിടെയാണ് സ്കൂൾ വിദ്യാഭ്യാസവകുപ്പ് മുരുഗയ്യനെ സ്ഥലംമാറ്റിയത്. വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ പ്രധാനാധ്യാപകനെ കാണാതെ അന്വേഷിച്ചപ്പോഴാണ് സ്ഥലംമാറിപ്പോയതായി വിവരം ലഭിച്ചത്. അവർ ക്ലാസ് ബഹിഷ്കരിച്ച് സ്കൂളിനു മുന്നിൽ ഒത്തുചേർന്നു.
വിവരമറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നു. മണൽമേട് പോലീസ് ഇൻസ്പെക്ടർ രാജ സ്കൂളിലെത്തി പ്രതിഷേധം നടത്തിയ രക്ഷിതാക്കളെയും വിദ്യാർഥികളെയും കണ്ട് ചർച്ചനടത്തി.
പ്രധാനാധ്യാപകനെ സ്ഥലംമാറ്റിയതിലെ പ്രയാസം സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെതുടർന്ന് പ്രതിഷേധം അവസാനിച്ചു. പ്രധാനാധ്യാപകനെ തിരിച്ചെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.