ചെന്നൈ : മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അമ്മ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നു കടത്തുസംഘം വലയിലായി. ചെന്നൈയിലെ എം.കെ.ബി. നഗറിലാണ് സംഭവം.
മകൻ മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി സംശയമുണ്ടെന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി എന്ന സ്ത്രീയാണ് എം.കെ.ബി. നഗർ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചത്.
ഇൻസ്പെക്ടർ പാർഥസാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ വീട്ടിൽ കുതിച്ചെത്തി പരിശോധന നടത്തി. 630 എം.എൽ. ഹാഷ് ഓയിൽ കണ്ടെത്തി. ഭാഗ്യലക്ഷ്മിയുടെ മകൻ ശ്രീരാമിനെയും സുഹൃത്ത് പർവേസിനെയും പിടികൂടുകയുംചെയ്തു.
മലയാളികളായ അരുണിനും സതീഷിനും വേണ്ടിയാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് വാൻഡ്രൈവറായി ജോലിചെയ്യുന്ന ശ്രീരാം പോലീസിനോട് പറഞ്ഞു. ചെന്നൈക്കടുത്ത് ഒട്ടേരിയിൽ സെക്യൂരിറ്റിഗാർഡായി ജോലിചെയ്യുന്ന സതീഷിനെ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു.
അരുണിനും സതീഷിനും വേണ്ടി മറ്റുസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ചുനൽകുന്ന ജോലിയായിരുന്നു ശ്രീരാമിനും പർവേസിനും.
വാനിൽ പച്ചക്കറി-പലചരക്കു സാധനങ്ങളുടെ ഇടയിലാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഇടക്കാലത്ത് കഞ്ചാവിനുപകരം കഞ്ചാവ് എണ്ണയിലേക്കു മാറി.
അതോടൊപ്പം ശ്രീരാം മയക്കുമരുന്ന് ഉപയോഗവും ശീലിച്ചു. മറ്റൊരാൾക്കു വിൽക്കുന്നതിന് അരുൺ ഏൽപ്പിച്ച കഞ്ചാവ് എണ്ണയാണ് വീട്ടിൽനിന്ന് കിട്ടിയതെന്നാണ് ശ്രീരാം പറയുന്നത്.