ചെന്നൈ : രാജ്യത്ത് പ്രാബല്യത്തിൽവന്ന മൂന്ന് പുതിയ ക്രിമിനൽനിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത പേരുകൾ നൽകിയതിനെതിരേ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും അഭിഭാഷകർ പ്രതിഷേധപ്രകടനം നടത്തി.
അണ്ണാ ഡി.എം.കെ. വിഭാഗം സെക്രട്ടറി ഇൻബദുരൈയുടെ നേതൃത്വത്തിൽ പാർട്ടിയുടെ അഭിഭാഷകവിഭാഗം പ്രവർത്തകർ മദ്രാസ് ഹൈക്കോടതിക്കുമുൻപിൽ പ്രകടനംനടത്തി.
പുതിയനിയമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ ഉടൻ പിൻവലിക്കണമെന്ന് മുൻ നിയമസഭാംഗംകൂടിയായ ഇൻപദുരൈ പറഞ്ഞു. ഡി.എം.കെ. അഭിഭാഷകവിഭാഗത്തിന്റെ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം പ്രതിഷേധം അരങ്ങേറി.
മൂന്ന് ക്രിമിനൽനിയമങ്ങളും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സെക്രട്ടറി എൻ.ആർ. ഇളങ്കോ ആരോപിച്ചു.
നിയമങ്ങൾ പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുതയ്യാറായില്ലെങ്കിൽ ഡി.എം.കെ.യുടെ നിയമവിഭാഗവും തമിഴ്നാട്ടിലെ അഭിഭാഷകസമൂഹവും പ്രക്ഷോഭം തുടരുമെന്നും അറിയിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിലും പ്രതിഷേധപ്രകടനം നടന്നു.