ചെന്നൈ : ഉച്ചഭക്ഷണപദ്ധതിയിൽ ജോലിചെയ്യുന്നവരുടെ ആശ്രിതനിയമനത്തിന് ആൺമക്കളെ പരിഗണിക്കാനാവില്ലെന്ന തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ആശ്രിതനിയമനത്തിൽ ലിംഗവിവേചനം പാടില്ലെന്ന് ജസ്റ്റിസ് ഡി. ഭരതചക്രവർത്തി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണം പാകംചെയ്യുന്ന ജോലി സ്ത്രീകൾക്കുമാത്രമായി സംവരണം ചെയ്തിരിക്കയാണ്. ഈ ജോലിയിലിരിക്കുന്നവർ മരിച്ചാൽ അനന്തരാവകാശികളായ പുരുഷൻമാരെ ആശ്രിതനിയമനത്തിന് പരിഗണിക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്.
മരിച്ചയാളുടെ കുടുംബത്തിനെ സഹായിക്കാനാണ് ആശ്രിതനിയമനമെന്നും അനന്തരാവകാശികളായി സ്ത്രീകൾ ഇല്ലെന്നതിന്റെ പേരിൽ അതിനുള്ള അർഹത നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‘‘വനിതാജീവനക്കാരുടെ ആൺമക്കളെ മാത്രമല്ല, വനിതാജീവനക്കാരെ പുരുഷജീവനക്കാരെക്കാളും വിലകുറച്ചു കാണുന്ന നടപടിയാണത്’’ -കോടതി പറഞ്ഞു.
നാഗപട്ടണത്തെ കീഴയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണം പാകംചെയ്യുന്ന ജോലിയിലിരിക്കേ മരിച്ച ജീവനക്കാരിയുടെ മകൻ ജി. കാർത്തികേയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
2021-ലാണ് അമ്മ മരിച്ചത്. തനിക്ക് ആശ്രിതനിയമനം നൽകണമെന്നാവശ്യപ്പെട്ട് കാർത്തികേയൻ അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. ഉച്ചഭക്ഷണപദ്ധതിയിലെ ജോലി നൂറുശതമാനം സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുകയാണെന്നും പുരുഷൻമാരായ അനന്തരാവകാശികളെ ആശ്രിതനിയമനത്തിന് പരിഗണിക്കാനാവില്ലെന്നുമായിരുന്നു സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ നിലപാട്.
രക്ഷാകർത്താവിന്റെ അകാലവിയോഗം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാനാണ് ആശ്രിതനിയമനമെന്ന് ചൂണ്ടിക്കാണിച്ച കോടതി, കാർത്തികേയന്റെ അപേക്ഷ നാഗപട്ടണം കളക്ടർക്ക് കൈമാറാൻ നിർദേശിച്ചു.
വിദ്യാഭ്യാസയോഗ്യത കണക്കിലെടുത്ത് യോജ്യമായ ഏതെങ്കിലും ജോലിനൽകണം. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ നാലാഴ്ചയ്ക്കകം പൂർത്തിയാക്കാനും കോടതി സംസ്ഥാനസർക്കാരിന് നിർദേശം നൽകി.