ചെന്നൈ : ശിവകാശിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ഒൻപതോടെ കാളയാർകുറിച്ചിയിലെ പടക്കനിർമാണശാലയിലാണ് അപകടമുണ്ടായത്.
മാരിയപ്പൻ, മുത്തുവേൽ എന്നിവരാണ് മരിച്ചത്. സരോജ, ശങ്കരവേൽ എന്നിവരെ സാരമായ പരിക്കുകളോടെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്കയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിൽ ദീപാവലിക്കായി ഫാൻസി പടക്കങ്ങൾ ഒരുക്കുകയായിരുന്നു.
അറുപതിലധികം മുറികളിലായി നൂറിലധികം തൊഴിലാളികളാണ് ജോലിചെയ്തിരുന്നത്.
രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഇവിടെ ജോലിചെയ്യുകയായിരുന്ന മാരിയപ്പനും മുത്തുവേലും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഗുരുതരമായി പൊളളലേറ്റ സരോജയെയും ശങ്കരവേലിനെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ശിവകാശി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണച്ചു. അപകടകാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു.