ചെന്നൈ : തിരുപ്പൂർ നഗരത്തിലെ വിവിധ കടകളിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി.
ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകൾ, സഞ്ചികൾ, ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ട്രേ, പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകൾ, പ്ലാസ്റ്റിക് ഫോർക്കുകൾ, സ്പൂണുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
വില്പന നടത്തിയ ഏഴു കടയുടമകൾക്കെതിരേ ആകെ ഒരു ലക്ഷം രൂപയിലധികം പിഴചുമത്തിയതായി കോർപ്പറേഷൻ കമ്മിഷണർ പവൻകുമാർ പറഞ്ഞു.
അരിസിക്കടവീഥിയിലെ കടകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്നെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ കമ്മിഷണർ പവൻകുമാർ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗൗരി ശരവണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
പിഴചുമത്തിയ കടകൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വില്പന തുടർന്നാൽ അവ പൂട്ടി മുദ്രവെക്കുമെന്ന് താക്കീത് നൽകിയതായി അധികൃതർ അറിയിച്ചു.