ചെന്നൈ : അനുജനുനേരേ അയൽക്കാരൻ നടത്തിയ നിരന്തര ലൈംഗിക പീഡനത്തിന് മൗനാനുവാദം നൽകിയ മൂത്ത സഹോദരന് അമ്മയുടെ പരാതിയുടെപേരിൽ ജയിൽശിക്ഷ.
13-കാരനായ ഇളയമകൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 25-കാരനായ മൂത്തമകനെതിരേ അമ്മ കോടതിയിൽ സാക്ഷി പറയുകയായിരുന്നു.
സംഭവത്തിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മൂത്തമകന് 20 വർഷം കഠിനതടവ് വിധിച്ചു.
ഇളയമകനെ പീഡിപ്പിച്ച 35-കാരന് മരണംവരെ ജീവപര്യന്തമാണ് ശിക്ഷ. ചെന്നൈയിലാണ് വ്യത്യസ്തമായ പോക്സോ കേസ് നടന്നത്.
13-കാരനെ അയൽവാസിയായ യുവാവ് ആദ്യം പീഡിപ്പിച്ചപ്പോൾ അവൻ ഇക്കാര്യം ജ്യേഷ്ഠനെ അറിയിച്ചു. എന്നാൽ അയൽവാസിയായ യുവാവ് തന്റെ സുഹൃത്തായതിനാൽ വഴങ്ങിക്കൊടുക്കാൻ അനുജനോട് ആവശ്യപ്പെട്ടു.
ഇക്കാര്യം അമ്മയോടു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ അയൽവാസി ഇടയ്ക്കിടെ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി.
അയൽവാസി വീട്ടിലേക്കുവരുമ്പോഴൊക്കെ ഇളയമകൻ മുറിയിൽ ഒളിക്കുന്നതു ശ്രദ്ധിച്ച അമ്മയ്ക്ക് സംശയം തോന്നി.
അവർ ഇളയമകനെ വിളിച്ച് കാര്യമന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. ഉടൻതന്നെ അമ്മ പോലീസിൽ പരാതി നൽകി.
പോക്സോ പ്രകാരം കേസെടുത്ത പോലീസ് മൂത്തമകനെ 2022-ൽ അറസ്റ്റ് ചെയ്തു. എന്നാൽ ആ സമയത്ത് അയൽവാസി ഒളിവിലായിരുന്നു.
തുടർന്ന് പോലീസിന്റെ അന്വേഷണങ്ങൾക്കൊടുവിൽ 2024-ൽ ഇയാളെ അറസ്റ്റുചെയ്തു.
പിന്നീടുനടന്ന വിചാരണയിലാണ് കോടതി ഇരുവർക്കും ശിക്ഷവിധിച്ചത്. വിചാരണവേളയിൽ അമ്മ ഏറെ മാനസികപ്രതിസന്ധി നേരിട്ടിരുന്നു.
ഒരുമകൻ പീഡനത്തിരയാവുകയും മറ്റൊരുമകൻ കുറ്റകൃത്യത്തിനു കൂട്ടുനിന്നവനും ആയതാണ് അമ്മയെ അസ്വസ്ഥയാക്കിയത്. എങ്കിലും മൂത്തമകനെതിരേ അവർ സാക്ഷി പറയുകയായിരുന്നു.