ചെന്നൈ : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം രണ്ടുമാസത്തിനകം പൂർത്തിയാവുമെന്ന് റെയിൽവേബോർഡ് അംഗം അനിൽകുമാർ ഖാണ്ഡേൽവാൾ പറഞ്ഞു. അതിനുശേഷം പാലത്തിലൂടെ തീവണ്ടിയുടെ പരീക്ഷണയോട്ടം നടക്കും.
പാലംപണിയുടെ 90 ശതമാനത്തിലേറെ പൂർത്തിയായിക്കഴിഞ്ഞെന്ന് ഉന്നതോദ്യോഗസ്ഥർക്കൊപ്പം പാമ്പൻ സന്ദർശിച്ചശേഷം ഖാണ്ഡേൽവാൾ പറഞ്ഞു.
കപ്പൽ കടന്നുപോകുമ്പോൾ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ടുമാസംകൊണ്ട് അത് പൂർത്തിയാവും. ഭാരം വഹിക്കാനുള്ളശേഷി പരിശോധിച്ചശേഷം ട്രയൽ റൺ നടക്കും. അതിനുശേഷം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
പഴയ പാമ്പൻപാലം എന്തുചെയ്യണമെന്നകാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഖാണ്ഡേൽവാൾ അറിയിച്ചു. തുരുമ്പുപിടിച്ച പാലം കപ്പലുകൾക്ക് ഭീഷണിയാണെന്നതുകൊണ്ട് അതു പൊളിച്ചുമാറ്റും.
രാമേശ്വരത്തെ നവീകരിച്ച റെയിൽവേസ്റ്റേഷന്റെ നിർമാണം അടുത്തവർഷം പൂർത്തിയാവും. രാമേശ്വരം-ധനുഷ്കോടി റെയിൽപ്പാത പുനർനിർമിക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പഴയ റെയിൽപ്പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിയിരിക്കയാണ്.
തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇപ്പോൾ റോഡുമാർഗമേ രാമേശ്വരത്ത് എത്താനാവൂ. പുതിയ പാലം തുറക്കുന്നതോടെ കേരളത്തിൽനിന്നുള്ള അമൃത എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ രാമേശ്വരംവരെ ഓടും.
ശ്രീലങ്കയിലേക്ക് ചരക്കുകൊണ്ടുപോകുന്നതിന് അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് 1914-ൽ പഴയ ഉരുക്കുപാലം പണിതത്. 1988-ൽ റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടാനുള്ള ഏകവഴി.
കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഇതിനു സമാന്തരമായി പുതിയ പാലം നിർമിക്കാൻ റെയിൽവേ തീരുമാനിച്ചത്. പുതിയ പാലത്തിന് 2.08 കിലോമീറ്റർ നീളമുണ്ട്.