ചെന്നൈ : കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് അണ്ണാ സർവകലാശാല രജിസ്ട്രാർക്കെതിരേ മദ്രാസ് ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
ജൂലായ് 15-ന് രജിസ്ട്രാറെ കോടതിയിൽ ഹാജരാക്കാനാണ് ആവശ്യം. വിരമിച്ച പ്രൊഫസർക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾനിഷേധിച്ചതുസംബന്ധിച്ച മുൻഉത്തരവ് അനുസരിക്കാത്തതിനാണ് ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ബെഞ്ച് ജാമ്യമില്ലാ വാറന്റ്പുറപ്പെടുവിച്ചത്.
വിരമിച്ച അധ്യാപകൻ ഡോ. പി. ദേവദാസ് മനോഹരനാണ് കോടതിയലക്ഷ്യഹർജി നൽകിയത്. പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും വിതരണംചെയ്യാനുള്ള സർവകലാശാലയുടെ ഉത്തരവ് രജിസ്ട്രാർ മന:പൂർവം അനുസരിക്കാത്തതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേസ് ജൂൺ ആറിന് വാദംകേട്ടപ്പോൾ സർവകലാശാലയിൽനിന്ന് ആരും ഹാജരായില്ല.
തുടർന്ന് ജൂൺ പത്തിനുനടന്ന വാദത്തിലും സമാനാവസ്ഥയായിരുന്നു. അതിനാൽ രജിസ്ട്രാർ നാലാഴ്ചയ്ക്കകം കോടതിയിൽ ഹാജരാകാൻ നോട്ടീസയച്ചു.
കഴിഞ്ഞ എട്ടിന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ രജിസ്ട്രാർ ഹാജരായില്ല. തുടർന്നാണ് കോടതി ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചത്.