ചെന്നൈ : സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കടുത്ത വിമർശനം നിലനിൽക്കുന്നതിനിടെ വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിലെ തകർപ്പൻ ഭൂരിപക്ഷത്തിലുള്ള വിജയം ഡി.എം.കെ.ക്ക് ഉണർവേകി.
തമിഴ്നാടിന് എക്കാലവും ഡി.എം.കെ.യെ ആവശ്യമുണ്ടെന്ന് വിക്രവാണ്ടിയിലെ ഫലം തെളിയിക്കുന്നതായി ഡി.എം.കെ. ആസ്ഥാനമായ അണ്ണാഅറിവാളയത്തിലെ വിജയാഘോഷത്തിനിടെ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു.
വിക്രവാണ്ടിയിൽ എൻ.ഡി.എ.ക്കുവേണ്ടി കളത്തിലിറങ്ങിയ പി.എം.കെ.യുടെ സി. അൻപുമണിയെ ഡി.എം.കെ. സ്ഥാനാർഥി അന്നിയൂർ ശിവ 67,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
മത്സരിച്ച 29 സ്ഥാനാർഥികളിൽ നാം തമിഴർ കക്ഷിയുടെ ഡോ. അഭിനയ ഉൾപ്പെടെ 27 പേർക്കും കെട്ടിവെച്ച തുക പോയി. അണ്ണാ ഡി.എം.കെ. യുടെ ബഹിഷ്കരണവും ഡി.എം.കെയെ ബാധിച്ചില്ല.
കഴിഞ്ഞ ഏതാനുംമാസമായി സർക്കാരിനെതിരേ എതിർപ്പുകൾ ശക്തമായിരുന്നതിനാൽ വിക്രവാണ്ടിയിൽ ഡി.എം.കെ. പരാജയഭീതി മണത്തിരുന്നു.
ക്രമസമാധാനത്തകർച്ചതന്നെയാണ് പ്രധാനമായും സർക്കാരിനെ പിടിച്ചുലച്ചത്. 68 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തം, ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം തുടങ്ങിയ സംഭവങ്ങളിൽ ഡി.എം.കെ സർക്കാരിനെതിരെ ആരോപണം ശക്തമായിരുന്നു.
മയക്കുമരുന്നു വിൽപ്പനയും ഗുണ്ടാവിളയാട്ടവും വർധിച്ചുവെന്നും പരാതികളുണ്ടായി. ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളതിനാലാണ് സ്റ്റാലിൻ വിക്രവാണ്ടിയിലെ പ്രചാരണത്തിൽനിന്ന് വിട്ടുനിന്നത്.
മത്സരത്തിൽ നിന്നുമാറിയ അണ്ണാ ഡി.എം.കെ.യുടെ വോട്ടുകൾ നേടി പി.എം.കെ. സ്ഥാനാർഥി ജയിക്കുമെന്ന പ്രവചനവും അസ്ഥാനത്തായി.
ഡി.എം.കെ. നിയമസഭാംഗം എൻ. പുകഴേന്തിയുടെ മരണത്തെത്തുടർന്നാണ് വിക്രവാണ്ടിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.