ആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായ പ്രതി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സംഭവം; സംശയങ്ങളുമായിനേതാക്കൾ

0 0
Read Time:3 Minute, 9 Second

ചെന്നൈ : ആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷപാർട്ടി നേതാക്കൾ സംശയങ്ങളുമായി രംഗത്തെത്തി. പോലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്ന് അവർ കുറ്റപ്പെടുത്തി.

കീഴടങ്ങിയപ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചെന്നത് ദുരൂഹമാണെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പറഞ്ഞു.

നേരംവെളുക്കുന്നതിനുമുൻപ്‌ പ്രതിയെ തെളിവെടുപ്പിനുകൊണ്ടുപോയത് എന്തിനാണെന്നും പ്രതിക്ക് കൈയാമംവെക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ആംസ്‌ട്രോങ് വധക്കേസിലെ സത്യം വെളിച്ചത്തുവരാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. കീഴടങ്ങിയപ്രതി രക്ഷപ്പെടാൻശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാനാവില്ല.

ആംസ്‌ട്രോങ് വധത്തിൽ ഡി.എം.കെ. നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. അത്‌ മറച്ചുവെക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതിയുടെ മരണത്തെപ്പറ്റി ഉന്നതതല അന്വേഷണംവേണം -അണ്ണാമലൈ ആവശ്യപ്പെട്ടു.

ആംസ്‌ട്രോങ് വധത്തിലെ പ്രതിയുടെ മരണം ഡി.എം.കെ. സർക്കാരിന്റെ നാടകമാണെന്ന് നാം തമിഴർ പാർട്ടി അധ്യക്ഷൻ സീമാൻ പറഞ്ഞു.

ഒരു രാഷ്ട്രീയനേതാവിന്റെ കൊലപാതകത്തിലെ പ്രതിയെ സൂക്ഷിക്കാൻ എന്തുകൊണ്ടാണ് പോലീസിനുകഴിയാത്തത്? സത്യം പുറത്തുവരുന്നത് തടയുന്നതിനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഇതെന്നുവേണം കരുതാൻ -സീമാൻ പറഞ്ഞു.

കൊലക്കേസ് പ്രതിയുടെ മരണത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പാട്ടാളി മക്കൾ കക്ഷി പ്രസിഡന്റ് അൻപുമണി രാംദാസ് പറഞ്ഞു.

കീഴടങ്ങിയ പ്രതിയെ പുലർച്ചെ രഹസ്യമായി തെളിവെടുപ്പിനുകൊണ്ടുപോകേണ്ട കാര്യമില്ല. ആംസ്‌ട്രോങ് വധത്തിനുപിന്നിൽ പ്രവർത്തിച്ച ചിലരെ രക്ഷപ്പെടുത്താൻവേണ്ടിയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു -അൻപുമണി പറഞ്ഞു.സത്യം പുറത്തുവരാതിരിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് സംശയം – കെ. അണ്ണാമലൈ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts