ചെന്നൈ : സനാതനധർമത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ പരാമർശം വിവാദമാകുന്നു. സനാതനധർമത്തിലൂടെയല്ലാതെ ഭാരതത്തെ സങ്കല്പിക്കാനാവില്ലെന്നും സനാതനധർമം രാജ്യത്തിന്റെ ആത്മാവാണെന്നുമാണ് ഗവർണർ അഭിപ്രായപ്പെട്ടത്.
ചെന്നൈയിൽ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദയുടെ 150-ാം അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഹിന്ദുധർമം ഇന്ത്യയിൽനിന്ന് വേർപെടുത്താനാവില്ല. ഇത് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് ഭക്തിയാണ്. ഹിന്ദുമതം ആക്രമണത്തിനുവിധേയമാകുമ്പോഴെല്ലാം അവതാരങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഋഷിമാർ അവതരിച്ചത് ധർമത്തെ സംരക്ഷിക്കാനും ധർമത്താൽ സൃഷ്ടിക്കപ്പെട്ട ഭാരതത്തെ സംരക്ഷിക്കാനുമാണ്.
ധർമം ആക്രമിക്കപ്പെടുമ്പോഴെല്ലാം രാജ്യത്തുടനീളം ഭക്തിപ്രസ്ഥാനങ്ങൾ ഇടപെട്ടു’’-ആർ.എൻ. രവി പറഞ്ഞു.
സനാതനധർമം പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഡി.എം.കെ. നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം ഏതാനും മാസംമുൻപ് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
സനാതനധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം.