ചെന്നൈ : തൂത്തുക്കുടി സ്‌റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ സമരം നടത്തിയവർക്ക് നേരെ പോലീസ് വെടിവെച്ചത് ഒരു വ്യവസായിയുടെ നിർദേശപ്രകാരമാണെന്ന് സംശയിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി.
പോലീസ്, റവന്യു ഉദ്യോഗസ്ഥർ ചേർന്ന് പ്രത്യേക അജൻഡ നടപ്പാക്കുകയായിരുന്നുവെന്ന സംശയവും കോടതി ഉയർത്തി.
ഫാക്ടറി ഉടമകളായ വേദാന്ത ഗ്രൂപ്പിന്റെ താത്പര്യമനുസരിച്ചാണ് വെടിവെപ്പ് നടത്തിയതെന്നാണ് കോടതി പരോക്ഷമായി സൂചിപ്പിച്ചത്.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിടുകയും ചെയ്തു.
ഫാക്ടറിക്കെതിരേ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ 2018 മേയിൽ നടത്തിയ വെടിവെപ്പിൽ 13 പേർ മരിച്ചിരുന്നു.
ഈ സംഭവത്തിൽ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മിഷൻ വേഗത്തിൽ അന്വേഷണം അവസാനിപ്പിച്ചതിനെ എതിർത്ത് സാമൂഹിക പ്രവർത്തകനായ ഹെൻട്രി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിൽ എസ്.എസ്.സുന്ദർ, ജസ്റ്റിസ് എൻ.സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനം നടത്തുകയായിരുന്നു.
ഐ.പി.എസ്. ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം ശേഖരിക്കാൻ വിജിലൻസിനോടാണ് നിർദേശിച്ചിരിക്കുന്നത്.
സംഭവം നടക്കുന്നതിന് രണ്ട് വർഷം മുമ്പ് മുതലുള്ള സ്വത്ത് വിവരം ശേഖരിക്കണം. ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളികൾ ബന്ധുക്കൾ എന്നിവരുടെ സ്വത്ത് വിവരങ്ങളും അന്വേഷിക്കണമെന്നും നിർദേശിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന സി.ബി.ഐ.യുടെ കണ്ടെത്തലിനെയും കോടതി വിമർശിച്ചു.