ചെന്നൈ : തമിഴ്നാട്ടിൽ പൊതുസ്ഥലങ്ങളിൽ ‘ചണ്ഡാളർ’ എന്ന പദം ഉപയോഗിച്ചാൽ നടപടിയെന്ന് സംസ്ഥാന ആദി ദ്രാവിഡ-ഗോത്രവർഗ കമ്മിഷൻ.
‘ചണ്ഡാളർ’ എന്ന വാക്ക് രാഷ്ട്രീയ സദസ്സുകളിലോ, പൊതുവേദികളിലോ അപകീർത്തിപ്പെടുത്തുന്ന വിധമോ തമാശയായോ ഉപയോഗിക്കരുതെന്ന് കമ്മിഷൻ പറഞ്ഞു.
അവഹേളിക്കുന്നതരത്തിൽ ഈ വാക്ക് പൊതുസദസ്സിൽ പ്രയോഗിക്കുന്നത് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ശിക്ഷാർഹമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ജാതിഘടനയിൽ ഓരോ ജാതിക്കും വ്യത്യസ്തപേരുകൾ നൽകിയിട്ടുണ്ട്. ജാതിപ്പേരുകൾ പല മേഖലകളിലും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്.
ഇത് ദ്രോഹിക്കാൻവേണ്ടി ചെയ്യുന്നതാണ്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഇത്തരത്തിൽ പിന്നാക്കജാതിപ്പേരുകൾ അവഹേളിക്കുന്നരീതിയിൽ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
തമിഴ്നാട്ടിലെ പട്ടികജാതി വിഭാഗത്തിന്റെ പട്ടികയിൽ 48-ാം സ്ഥാനത്താണ് ഈ പേരുള്ളത്. സമീപകാലത്തായി ‘ചണ്ഡാളർ’ എന്ന പദം വ്യക്തികളെ അപകീർത്തിപ്പെടുത്താൻവേണ്ടി സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ‘ചണ്ഡാളർ’ എന്ന പദം മോശമായി ഉപയോഗിക്കുന്നവർക്കെതിരേ വിചാരണ നടത്താനും നടപടിയെടുക്കാനും കമ്മിഷൻ സംസ്ഥാന സർക്കാരിനോടു ശുപാർശചെയ്തു.