ചെന്നൈ : അണ്ണാ ഡി.എം.കെ. നേതാവും മുൻ മന്ത്രിയുമായ എം.ആർ. വിജയഭാസ്കറിനെ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസിൽ തമിഴ്നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മുൻ മന്ത്രിയെയും കൂട്ടാളി പ്രവീണിനെയും ചൊവ്വാഴ്ച രാവിലെ തൃശ്ശൂരിൽനിന്നാണ് അറസ്റ്റു ചെയ്തത്.
കരൂർ ജില്ലയിലെ മേലേകരൂരിൽ സ്വകാര്യവ്യക്തിയുടെ 100 കോടി രൂപ വിലവരുന്ന ഭൂമി ഭീഷണിപ്പെടുത്തിയും വ്യാജരേഖകൾ ചമച്ചും കൈവശപ്പെടുത്തിയെന്ന കേസിലാണ് വിജയഭാസ്കറിനെ അറസ്റ്റുചെയ്തത്.
മേലേ കരൂർ സബ് രജിസ്ട്രാർ മുഹമ്മദ് അബ്ദുൾ ഖാദറും പ്രകാശ് എന്നയാളും നൽകിയ പരാതികളിൽ ജൂൺ ഒൻപതിനാണ് വിജയഭാസ്കറടക്കം എട്ടാളുടെപേരിൽ പോലീസ് കേസെടുത്തത്. തന്റെ മകളുടെപേരിലായിരുന്ന 22 ഏക്കർ സ്ഥലം ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും തട്ടിയെടുത്തെന്നായിരുന്നു പ്രകാശിന്റെ പരാതി. വിജയഭാസ്കറിന്റെ ബന്ധുക്കളുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തത്. വ്യാജരേഖ ഹാജരാക്കിയാണ് ഭൂമിയുടെ രജിസ്ട്രേഷൻ നടത്തിയതെന്ന് പിന്നീട് ബോധ്യപ്പെട്ടപ്പോഴാണ് സബ് രജിസ്ട്രാർ പോലീസിൽ പരാതി നൽകിയത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് സി.ഐ.ഡി. ഏറ്റെടുത്തു.
വിജയഭാസ്കർ നൽകിയ മുൻകൂർ ജാമ്യഹർജികൾ കരൂരിലെ കോടതി രണ്ടുതവണ തള്ളിയിരുന്നു.
ഇതേത്തുടർന്ന് ഒളിവിൽ പോയ വിജയഭാസ്കർ കേരളത്തിലേക്കു കടന്നതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞദിവസം ബന്ധുക്കളിലൊരാളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് ഒളിത്താവളം മനസ്സിലായതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
വിജയഭാസ്കറിനെ കരൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. വിജയഭാസ്കറിന്റെ അറസ്റ്റിനെ അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അപലപിച്ചു.