ചെന്നൈ : തമിഴ്നാട്ടിൽ 25 വർഷത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 97 പ്രതികൾ. ഇവരിൽ ഭൂരിഭാഗവും റൗഡികളാണ്.
ഇതിൽ 26 പേർ കൊല്ലപ്പെട്ടത് ചെന്നൈ പോലീസ് നടത്തിയ ഏറ്റുമുട്ടലിലാണ്. 1999 മുതൽ ലഭ്യമായ കണക്കുപ്രകാരമാണിത്. ഇതിനുമുൻപും ഏറ്റുമുട്ടൽകൊലപാതകങ്ങൾ നടന്നിട്ടുണ്ട്.
ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ. സർക്കാരിന്റെ കാലത്ത് 2012 ഫെബ്രുവരിയിൽ ചെന്നൈയിൽനടന്ന ഏറ്റുമുട്ടലിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ രണ്ട് ബാങ്കുകൾ കൊള്ളയടിച്ച കേസിലെ പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികളാണ് അന്ന് കൊല്ലപ്പെട്ടത്. അതിനുശേഷം 2013മുതൽ 2018വരെയുള്ള കാലത്ത് ചെന്നൈയിൽ ഒരു ഏറ്റുമുട്ടൽകൊലപാതകംപോലും നടന്നിട്ടില്ലായിരുന്നു.
2021-ൽ ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ഇതുവരെ 12 പേർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ശ്രീപെരുംപുദൂരിൽ 2021 ഒക്ടോബറിൽ ഉത്തരേന്ത്യൻസ്വദേശിയാണ് സ്റ്റാലിൻസർക്കാർ ഭരണമേറ്റതിനുശേഷം ആദ്യം കൊല്ലപ്പെട്ടത്.
ഇതിന് ഏതാനുംദിവസങ്ങൾക്കുള്ളിൽ തൂത്തുക്കുടിയിൽ കുപ്രസിദ്ധ റൗഡി ദുരൈമുരുകനും കൊല്ലപ്പെട്ടിരുന്നു. ബി.എസ്.പി. സംസ്ഥാനപ്രസിഡന്റ് കെ. ആംസ്ട്രോങ്ങിനെ വധിച്ച കേസിലെ പ്രതി തിരുവെങ്കിടമാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒടുവിലത്തെയാൾ.