Read Time:1 Minute, 19 Second
ചെന്നൈ : സ്കൂൾ വിദ്യാർഥിയായ പതിനാലുകാരനോടിച്ച കാറിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അഞ്ച് ഇരുചക്രവാഹനങ്ങൾക്ക് നാശമുണ്ടായി. ചെന്നൈ ട്രിപ്ലിക്കേൻ ജാംബസാറിലാണ് അപകടംനടന്നത്.
അതിവേഗത്തിലെത്തിയ കാർ ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചിട്ടതിനുശേഷം നിർത്താതെപോകാൻ ശ്രമിച്ചു.
എന്നാൽ, കണ്ടുനിന്നവർ തടയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ട്രിപ്ലിക്കേനിൽ താമസിക്കുന്ന യഹിയ ഖാന്റെ ഉടമസ്ഥതയിലുള്ള കാറാണെന്നും ഇയാളുടെ സഹോദരന്റെ മകനായ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് കാറോടിച്ചിരുന്നതെന്നും തെളിഞ്ഞത്.
പ്രായപൂർത്തിയാകാത്ത ബന്ധുവും കാറിൽ ഒപ്പമുണ്ടായിരുന്നു.
ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഉടമയ്ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.