ചെന്നൈ : നടൻ വിജയ്യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാനസമ്മേളനം തിരുച്ചിറപ്പള്ളിയിൽനടത്തും.
സെപ്റ്റംബറിലോ നവംബറിലോ ആയിരിക്കും സമ്മേളനംനടത്തുകയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തേ മധുരയും തിരുനെൽവേലിയും കോയമ്പത്തൂരും സമ്മേളനവേദിയായി പരിഗണനയിലുണ്ടായിരുന്നെങ്കിലും തിരുച്ചിറപ്പള്ളി അന്തിമമായി തീരുമാനിച്ചു.
സമ്മേളനത്തിന്റെ തീയതി വിജയ് വൈകാതെ പ്രഖ്യാപിക്കും. സമ്മേളനം വമ്പിച്ച ആഘോഷമാക്കാനാണ് ഒരുക്കങ്ങൾനടക്കുന്നത്.
സംസ്ഥാനസമ്മേളനത്തിനുശേഷം വടക്കൻ, തെക്കൻ, കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നാല് മേഖലാസമ്മേളനങ്ങളും നടത്താൻ തീരുമാനമുണ്ട്.
തുടർന്ന്, ജില്ലാതലത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. 2025 തുടക്കത്തോടെ വോട്ടർമാരെ നേരിൽക്കാണാൻ വിജയ് ഒരുവർഷം നീളുന്ന സംസ്ഥാനപര്യടനം തുടങ്ങും.
കൂടാതെ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കുസമാനമായി സംസ്ഥാനവ്യാപകമായി പദയാത്രയും നടത്തും.
തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്നുള്ള അനുമതിലഭിച്ചാലുടൻ പാർട്ടി പതാകയും പ്രചാരണവും മറ്റ് പ്രവർത്തനപദ്ധതികളും ആസൂത്രണംചെയ്യുമെന്നും ടി.വി.കെ. വൃത്തങ്ങൾ അറിയിച്ചു.