ചെന്നൈ : ചെന്നൈയിൽ വയോധികയെ മൊബൈൽ ചാർജർവയറുകൊണ്ട് കഴുത്തു മുറുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്നു.
വ്യാസർപാടിയിൽ താമസിക്കുന്ന റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ നാഗരാജന്റെ ഭാര്യ സരോജിനി ഭായ് (78) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്കൂൾ അധ്യാപികയായി വിരമിച്ച സരോജിനി ഭായിയും ഭർത്താവും മാത്രമായിരുന്നു വീട്ടിൽ. മക്കളായ കർപ്പഗവും കലൈവാണിയും വിവാഹിതരായി വേറെ താമസിക്കുകയാണ്.
രാത്രി കിടപ്പുമുറിയിൽനിന്ന് ഇറങ്ങിവന്ന നാഗരാജൻ ഹാളിൽ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവരുടെ കഴുത്ത് മൊബൈൽ ചാർജർവയർകൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു.
നാഗരാജൻ ഉടൻ തന്നെ വ്യാസർപാടി പോലീസിൽ പരാതി നൽകി. സരോജിനി ഭായിയുടെ സ്വർണക്കമ്മൽ കവർന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.