ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ.
റഡാർ ഉപയോഗിച്ച് അർജുന്റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം.
അന്ന് സ്വിച്ച് ഓഫായിരുന്ന അർജുന്റെ ഫോൺ മൂന്നുദിവസത്തിനുശേഷം റിങ് ചെയ്തതും, ലോറിയുടെ എൻജിൻ ഓണായെന്നതും പ്രതീക്ഷ നൽകുന്നതാണ്. അതേസമയം കനത്തമഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തത്തെ ബാധിക്കുന്നുണ്ട്.
ഇന്നലെ രാത്രി രക്ഷാപ്രവർത്തനം തുടരാൻ ലൈറ്റുകൾ ഉൾപ്പെടെ സജ്ജമാക്കിയിരുന്നെങ്കിലും മേഖലയിൽ അതിശക്തമായ മഴ തുടർന്നതോടെ മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്ന് കളക്ടർ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ റഡാർ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.