ചെന്നൈ : സ്വകാര്യാശുപത്രികളിലെ പുത്തൻ സൗകര്യങ്ങൾക്കിടയിലും സംസ്ഥാനത്ത് 59 ശതമാനം പ്രസവങ്ങളും നടക്കുന്നത് സർക്കാർ ആശുപത്രികളിൽ.
ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തെ മൊത്തം പ്രസവങ്ങളിൽ 99.9 ശതമാനവും ആശുപത്രികളിൽ വെച്ചാണ്.
ഇതിൽത്തന്നെ 59 ശതമാനവും സർക്കാർ ആശുപത്രികളിലും. 2023-2024 വർഷത്തിൽ ആശുപത്രികളിൽ 8.70 ലക്ഷം പ്രസവങ്ങൾ നടന്നു. ഇതിൽ 80 ശതമാനവും സർക്കാരിനു കീഴിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങളുള്ള ആശുപത്രികളിലാണ്.
കഴിഞ്ഞവർഷം സംസ്ഥാനത്ത് മാതൃമരണ നിരക്കിലും ഗണ്യമായ കുറവുണ്ടായി. ഒരു ലക്ഷം പേരിൽ 45.5 പേർ എന്ന അനുപാതത്തിലാണ് മാതൃമരണം.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യവികസനവും ആരോഗ്യ ചികിത്സാരംഗത്തെ ഗുണനിലവാരവും ഡോക്ടർമാരുടെ ആത്മാർപ്പണവുമാണ് മാതൃമരണ നിരക്ക് കുറയാനുണ്ടായ പ്രധാന കാരണങ്ങളെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
2014 മുതൽ 2024 വരെ തമിഴ്നാട്ടിലുണ്ടായ മൊത്തം 6,008 മാതൃമരണങ്ങളിൽ 4,464 (74 ശതമാനം) എണ്ണവും പ്രസവാനന്തര കാലത്താണ് സംഭവിച്ചത്. 25 ശതമാനം അമ്മമാർ (1,469) പ്രസവത്തിനുമുൻപുള്ള കാലയളവിൽ മരിച്ചു.