ചെന്നൈ : വിദ്യാഭ്യാസ അവകാശനിയമം എൽ.കെ.ജി. ക്ലാസിലെ പ്രവേശനത്തിനും ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്നാണ് നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളതെങ്കിലും കിന്റർഗാർട്ടൻ കുട്ടികൾക്കും പ്രവേശനം നിഷേധിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് എൽ.കെ.ജി. ക്ലാസിൽ പ്രവേശനം നിഷേധിച്ച കോയമ്പത്തൂരിലെ രണ്ടു സ്വകാര്യ സ്കൂളുകളുടെ നടപടിക്കെതിരേ രക്ഷിതാക്കൾ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അനിതാ സുമന്തിന്റെ വിധി.
വിദ്യാഭ്യാസ അവകാശനിയമം കേന്ദ്രനിയമമാണ്. എന്നാൽ, സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി പല സംസ്ഥാനങ്ങളിലും പലതാണ്.
എല്ലാ കുട്ടികൾക്കും എട്ടാംക്ലാസുവരെ സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുകയെന്നതാണ് വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഉദ്ദേശ്യമെന്നും പ്രായമോ മറ്റെന്തെങ്കിലും സാങ്കേതികകാര്യങ്ങളോ അതിന് തടസ്സമായിക്കൂടെന്നും കോടതി പറഞ്ഞു.
വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികളുടെ പഠനച്ചെലവ് സർക്കാരാണ് വഹിക്കുന്നത്. എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ പഠനച്ചെലവ് വർഷം 6,000 രൂപയായി തമിഴ്നാട് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
ഉചിതമായ തീരുമാനമാണ് ഇതെന്നും വിദ്യാഭ്യാസ അവകാശനിയമം കിന്റർഗാർട്ടൻ പ്രവേശനത്തിനും ബാധകമാണ് എന്നാണ് അതിനർഥമെന്നും കോടതി വ്യക്തമാക്കി.