കുമളി (ഇടുക്കി): കമ്പത്തെ ആ 140 ഓട്ടോറിക്ഷകളിലും ഓരോ കുടുക്കകൾ വെച്ചിരുന്നു. അവയിലെല്ലാം തമിഴ്നാടിന്റെ ‘അൻപ്’ നിറഞ്ഞു.
തമിഴ്നാട് കമ്പം ടൗണിലെ സി.ഐ.ടി.യു. യൂണിയനിൽപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ ബുധനാഴ്ച ഒാട്ടോ ഓടിച്ചത് വയനാടിന്റെ കണ്ണീരൊപ്പുന്നതിൽ പങ്കാളികളാകാനായിരുന്നു.
ബുധനാഴ്ച ഓട്ടോ ഓടി കിട്ടിയ തുക എല്ലാം വയനാട് ദുരിതാശ്വാസത്തിനായി കൊടുക്കും.
രാവിലെ എട്ടുമുതലാണ് 140 ഓട്ടോറിക്ഷകൾ സർവീസ് ആരംഭിച്ചത്.
ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നവർക്ക് ഓട്ടോക്കൂലി ദുരിതാശ്വാസ നിധിക്കായി ഓട്ടോയിൽ സജ്ജീകരിച്ച കുടുക്കയിൽ നിക്ഷേപിക്കാം.
നല്ലൊരുകാര്യത്തിനാണ് സർവീസ് നടത്തുന്നതെന്നറിഞ്ഞ യാത്രക്കാർ ഓട്ടോക്കൂലിയേക്കാൾ ഇരട്ടി തുകയാണ് കുടുക്കയിൽ നിക്ഷേപിച്ചത്.
കമ്പംമേഖലയിൽ 500 മുതൽ 1000 രൂപവരെയാണ് ഓരോ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും ദിവസവരുമാനം.
എന്നാൽ വയനാടിന് കൈത്താങ്ങാകുന്ന സാന്ത്വന യാത്രയ്ക്ക് ആളുകൾക്കിടയിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
രാത്രി എട്ടുവരെ സർവീസ് നടത്തിയതിനാൽ ഒരുലക്ഷത്തിലധികം രൂപ ലഭിച്ചുകാണുമെന്ന പ്രതീക്ഷയിലാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.
സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളികളുടെ കുടുക്കയിലെ തുക വ്യാഴാഴ്ച എണ്ണി തിട്ടപ്പെടുത്തിയശേഷം മുഴുവൻതുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് സി.ഐ.ടി.യു. ഭാരവാഹികളായ ഐ. ബാലഗുരുനാഥൻ, അബ്ബാസ് എന്നിവർ അറിയിച്ചു.