Read Time:1 Minute, 15 Second
ചെന്നൈ : നാഗപട്ടണത്തു നിന്ന് കടലിൽപോയ നാലു മീൻപിടിത്തക്കാർ ശ്രീലങ്കയിൽനിന്നുള്ള കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്.
നാഗപട്ടണത്തെ അരുക്കാട്ടുതുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച കോടിയക്കരയ്ക്കു സമീപം മീൻപിടിക്കവേയാണ് നാലു ബോട്ടുകളിലായി കടൽക്കൊള്ളക്കാരെത്തിയത്.
കത്തിയും മറ്റ് ആയുധങ്ങളുമായി ആക്രമിച്ച സംഘം 700 കിലോഗ്രാം വലയും ജി.പി.എസ്. ഉപകരണങ്ങളും മൊബൈൽ ഫോണുകളും സ്വർണമാലയും മോതിരവും മറ്റും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ മീൻപിടിത്തക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച അരുക്കാട്ടുതുറയിൽ നിന്നുപോയ മീൻപിടിത്തക്കാർ ഇതേ സ്ഥലത്തുവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഒരാൾക്ക് പരിക്കേറ്റിരുന്നു.