തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് അസം സ്വദേശിയായ 13കാരിയെ കാണാതായിട്ട് 18 മണിക്കൂറിലധികം.
പെൺകുട്ടി തമിഴ്നാട്ടിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു.
ബെംഗളൂരു – കന്യാകുമാരി എക്സ്‍പ്രസിൽ പെൺകുട്ടി യാത്ര ചെയ്യുന്ന ചിത്രമാണ് പോലീസിന് ലഭിച്ചത്.
സഹയാത്രികയും വിദ്യാർഥിനിയുമായ ബബിത ആണ് പെൺകുട്ടിയുടെ ചിത്രം പകർത്തിയത്.
മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെ പുലർച്ചെ നാലു മണിയോടെ ബബിത ചിത്രം പോലീസിന് കൈമാറുകയായിരുന്നു.
തമ്പാനൂരിൽനിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്.
ട്രെയിൻ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് കന്യാകുമാരിയിൽ എത്തി.
ട്രെയിൻ നെയ്യാറ്റിൻകരയിൽ എത്തിയപ്പോഴാണ് സഹയാത്രികയായ ബബിത ചിത്രം പകർത്തിയതെന്ന് പോലീസ് അറിയിച്ചു
പെൺകുട്ടി കരയുന്നുണ്ടായിരുന്നുവെന്നും അതിനാലാണ് ഫോട്ടോ എടുത്തുവെച്ചതെന്നും സഹയാത്രികയായ ബബിത മാധ്യമങ്ങളോട് പറഞ്ഞു.
തമ്പാനൂരിൽ നിന്നാണ് താൻ ട്രെയിനിൽ കയറിയത്. കരയുന്നുണ്ടെങ്കിലും കുട്ടിയുടെ മുഖത്ത് ധൈര്യ ഭാവമായിരുന്നു.
ട്രെയിൻ തമ്പാനൂരിൽനിന്ന് പുറപ്പെട്ട് ഒന്നരയോടെയാണ് ചിത്രം പകർത്തിയത്.
ചിത്രം പകർത്തുന്നത് കുട്ടി ശ്രദ്ധിച്ചതിനാൽ ഫോൺ മാറ്റിവെച്ചു.
വീട്ടിൽനിന്ന് പിണങ്ങി വന്നതാകാമെന്ന് തനിക്ക് തോന്നിയിരുന്നു.
40 രൂപയും ഒരു പേപ്പർ തുണ്ടും പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്നു.
മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെ പുലർച്ചെ നാലു മണിയോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും ബബിത പറഞ്ഞു.
അതേസമയം പാറശാല വരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസ് നൽകിയ ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിൽ കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണർ നിയാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്