ചെന്നൈ : അഭിഭാഷകരുടെ ഓൺലൈൻ സേവന പരസ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായ പരിശോധന നടത്താൻ മദ്രാസ് ഹൈക്കോടതി
ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് നിർദേശം നൽകി.
അഭിഭാഷകരുടെ ഓൺലൈൻ സേവനവുമായി ബന്ധപ്പെട്ട പരസ്യപ്രചാരണത്തിന് നിരോധനമുണ്ടെന്നുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി.
ഓൺലൈൻ അഭിഭാഷക സേവനപരസ്യം നൽകിയ ക്വിക്കർ, സുലേഖ ഡോട്ട് കോം, ന്യൂ മീഡിയ വെബ്‌സൈറ്റുകൾക്കെതിരേ നടപടിയാവശ്യപ്പെട്ട് വിഘ്‌നേഷ് എന്നയാൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഓൺലൈനായി നിയമസേവനം പരസ്യപ്പെടുത്തുന്ന അഭിഭാഷകർക്കെതിരേ അച്ചടക്കനടപടികളാരംഭിക്കാൻ സംസ്ഥാന ബാർ കൗൺസിലുകൾക്ക് സർക്കുലർ അയച്ചതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു
ഇത്തരം പരസ്യങ്ങൾ നീക്കംചെയ്തതായി ചില ഓൺലൈൻ സൈറ്റുകളും അറിയിച്ചു. ഇതേത്തുടർന്നാണ് പരസ്യങ്ങൾ നീക്കംചെയ്തിട്ടുണ്ടോയെന്ന് മനസ്സിലാക്കാൻ സൂക്ഷ്മപരിശോധന നടത്താൻ ആവശ്യപ്പെട്ടത്. ഹർജിയിൽ തുടർവാദം സെപ്റ്റംബർ നാലിലേക്ക് മാറ്റി.