ബെംഗളൂരു: നഗരത്തിൽ സ്ഥിതാരമായി അപകടങ്ങൾ ഉണ്ടാകുന്ന 60 ഇടങ്ങൾ ട്രാഫിക് പോലീസ് കണ്ടത്തിയതിനെ തുടർന്ന് ഇവിടങ്ങളിൽ ബസ് ലൈൻ (ബസുകൾക്കുള്ള പ്രത്യേക പാത) ഏർപ്പെടുത്തുമെന്ന ആവശ്യം ശക്തം.
ഔട്ടർ റിങ് റോഡിൽ 19 ഇടങ്ങളും വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ 13 ഇടങ്ങളുമാണ് അപകടമേഖലയായി കണ്ടെത്തിയത്.
ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. ഇതിനെ തുടർന്നാണ് സ്വകാര്യ വാഹന എണ്ണം കുറക്കാൻ പൊതുഗതാഗത യാത്ര സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായി ബസ് ലൈൻ പദ്ധതി വ്യാപകമാക്കണമെന്ന് ജനകീയ കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്.
മെട്രോ നിർമാണങ്ങൾ പൂർത്തിയായ ശേഷം ഹെബ്ബാൾ, മജസ്റ്റിക്, കെ.ആർ.പുരം, ടിൻ ഫാക്ടറി, സിൽക്ബോർഡ്, മാറാത്തഹള്ളി, വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി, ബി.എം.ടി ലേഔട്ട് തുടങ്ങിയ മേഖലകളിൽ ബസ് ലൈൻ നടപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.