പഴനി : പഴനിയിൽ നടക്കുന്ന ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം തമിഴ്നാടിന്റെ ആത്മീയചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാം എല്ലാവർക്കും തുല്യമായി നൽകുകയെന്നതാണ് ദ്രാവിഡമാതൃക പറയുന്നത്. അതുകൊണ്ടുതന്നെ വിവിധ മതവിഭാഗങ്ങളിൽപ്പെടുന്ന വിശ്വാസികളെ സംരക്ഷിക്കാൻ സർക്കാർ മുന്നിലുണ്ടാവും.
സംസ്ഥാനത്തെ പ്രധാന മുരുകക്ഷേത്രങ്ങളുടെ വികസനത്തിന് 789 കോടിയാണ് ചെലവഴിക്കുന്നത്.
കൈയേറ്റം ചെയ്യപ്പെട്ട, 5,577 കോടി മൂല്യമുള്ള 6,140 ഏക്കർ ക്ഷേത്രഭൂമി ഇതുവരെ തിരിച്ചുപിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രാരാധനാവേളകളിൽ തമിഴ് ഭാഷയ്ക്ക് മുൻഗണന നൽകണം. ക്ഷേത്രത്തിനകത്ത് ആരാധന നടത്താൻ എല്ലാവർക്കും അവസരം നൽകണം. ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
രാവിലെ സമ്മേളന നഗരിയായ പഴനി ആണ്ടവർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്വാമി രത്നഗിരി ബാലമുരുകൻ പതാക ഉയർത്തി.
മന്ത്രിമാരായ ഐ. പെരിയസ്വാമി, പി.കെ. ശേഖർബാബു, ആർ. ചക്രപാണി എന്നിവർ സമ്മേളന ഹാളിന്റെയും പ്രദർശന നഗരിയുടെയും ഉദ്ഘാടനം നിർവഹിച്ചു.
ശ്രീലങ്കയുടെ കിഴക്കൻ പ്രൊവിൻസ് ഗവർണർ സെന്തിൽ തൊണ്ടൈമാൻ, ലണ്ടൻ നഗരത്തിന്റെ ഡെപ്യൂട്ടി മേയർ പരമാനന്ദ, മലേഷ്യ മുൻമന്ത്രി സുബ്രഹ്മണ്യൻ, ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. ചന്ദ്രമോഹൻ, ഹിന്ദുധർമസ്ഥാപന വകുപ്പ് കമ്മിഷണർ പി.എൻ. ശ്രീധർ, ഡിണ്ടിക്കൽ കളക്ടർ എം.എൻ. പൂങ്കൊടി തുടങ്ങിയവർ സംസാരിച്ചു.