സേലം: മേട്ടൂര്‍ അണക്കെട്ടിന് 91 വയസ്സ്. തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂര്‍ ഉള്‍പ്പെടെ 12 ജില്ലകളിലാണ് മേട്ടൂര്‍ അണക്കെട്ടിലെ ജലം ജലസേചനത്തിനായി ഉപയോഗിക്കുന്നത്. കൃഷിയിടങ്ങള്‍ വരള്‍ച്ചകാരണം നശിക്കാതിരിക്കാന്‍ ബ്രിട്ടീഷുകാരാണ് കാവേരിനദിയുടെ കുറുകേ അണ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 1925-ല്‍ എന്‍ജിനിയര്‍ കേണല്‍ ഡബ്ള്യു.എം. എല്ലീസിന്റെ നേതൃത്വത്തിലാണ് അണയുടെ നിര്‍മാണം ആരംഭിച്ചത്.
ആയിരക്കണക്കിന് തൊഴിലാളികള്‍ രാത്രിയും പകലും പണിയെടുത്താണ് അണയുടെ നിര്‍മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയത്. 1934 ജൂലായ് 17-ന് അണയുടെ നിര്‍മാണം പൂര്‍ത്തിയായി. 1934 ഓഗസ്റ്റ് 21-ന് ചെന്നൈ ഗവര്‍ണറായിരുന്ന സര്‍ ജോര്‍ജ് ഫ്രെഡറിക് സ്റ്റാന്‍ലി ആണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത് .
എല്ലാവര്‍ഷവും ജൂണ്‍ 12-ന് ജലസേചനത്തിനായി അണ തുറന്നുവിടും. അണയില്‍നിന്ന് തുറന്നുവിടുന്ന ജലം കൃഷിക്ക് ഉപയോഗിക്കുന്നതിനായി 2021-ല്‍ ചെക് ഡാമുകളും നിര്‍മിച്ചിരുന്നു. മേട്ടൂര്‍, ഓമല്ലൂര്‍, എടപ്പാടി ഉള്‍പ്പെടെയുള്ള താലൂക്കുകളിലെ ഏകദേശം 100 തടാകങ്ങള്‍ നിറയ്ക്കാനും ഇവിടെ നിന്നാണ് വെള്ളം എത്തിക്കുന്നത്.