ചെന്നൈ : ബി.ജെ.പി.യോടുള്ള നയത്തിൽ മാറ്റംവരുത്തി തമിഴ്‌നാട്ടിലെ പ്രധാനകക്ഷികളായ ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും. സഖ്യംഉപേക്ഷിച്ചിട്ടും കേന്ദ്രസർക്കാരിനെതിരേ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന അണ്ണാ ഡി.എം.കെ. ഇപ്പോൾ ബി.ജെ.പി.യുടെ കടുത്തവിമർശകരായി മാറിയിരിക്കുകയാണ്. ഇതേസമയം, പ്രഖ്യാപിതഎതിരാളിയായ ബി.ജെ.പി.യോടുള്ള നിലപാട് ഡി.എം.കെ. മയപ്പെടുത്തി. ബി.ജെ.പി.യും ഡി.എം.കെ.യുമായി സൗഹാർദപരമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്.
ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോൾ അണ്ണാ ഡി.എം.കെ.യുടെ പ്രധാന ആയുധം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നാണയം പുറത്തിറക്കിയതോടെയാണ് ഇതിന് തുടക്കമായത്. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് നാണയം പുറത്തിറക്കിയത്. ഈ ചടങ്ങിൽ രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടി എടപ്പാടി പളനിസ്വാമിയാണ് ഡി.എം.കെ.-ബി.ജെ.പി. ആരോപണം ഉന്നയിച്ചത്.