ചെന്നൈ : പ്രാർഥനകളുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് കൊടിയേറി.
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി തഞ്ചാവൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ടി. സഹായരാജ് കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു.
തമിഴിലും ഇംഗ്ലീഷിലുമായിരുന്നു പ്രാരംഭപ്രാർഥനകളും ആരാധനയും നടന്നത്. കൊടിയേറ്റിനുശേഷം വാദ്യകലാകാരൻ ശിവമണി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംഗീതപരിപാടിയും അരങ്ങേറി.
വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെ ദിവസവും രാവിലെ ഒൻപതിന് മോണിങ് സ്റ്റാർ ദേവാലയത്തിൽ മലയാളത്തിൽ കുർബാന നടക്കും. വിവിധ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലും കുർബാനയുണ്ടാകും.
ആറുവരെ ദിവസവും വൈകീട്ട് നാലിന് ലോവർ ബസിലിക്കയിൽ വിവിധ ഭാഷകളിലായി ധ്യാനയോഗങ്ങൾ നടക്കും. അഞ്ചിന് മലയാളത്തിലാകും യോഗം നടക്കുക. ആറിന് കുരിശിന്റെ വഴിയും എട്ടിന് മാതാവിന്റെ തിരുനാളാചരണവും നടക്കും.
തിരുനാൾദിവസം രാവിലെ ആറിന് ആഘോഷമായ കുർബാനയുണ്ടാകും. വൈകീട്ട് ആറിന് കൊടിയിറക്ക് നടക്കും.
കേരളത്തിൽനിന്നടക്കം 10 ലക്ഷത്തിലേറെ വിശ്വാസികൾ 10 ദിവസമായി നടക്കുന്ന പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊടിയേറ്റിന് രണ്ടുദിവസം മുൻപുതന്നെ വിശ്വാസികൾ പദയാത്രയായി ദേവാലയത്തിലേക്ക് വന്നുതുടങ്ങിയിരുന്നു.