ബെംഗളൂരു: വീണ്ടും ബന്നാർഘട്ട ദേശീയ ഉദ്യാനത്തിലെ നാല് മാനുകൾ കൂടി ചത്തു. സെന്റ് ജോൺസ് കോളേജ് പരിസരത്ത് നിന്നും പിടികൂടി പാർക്കിലേക്ക് എത്തിച്ച 37 മാനുകളിൽ നിന്നുള്ള നാലെണ്ണമാണ് ചത്തത്.
ഇവയിൽ 19 മാനുകൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു. ഇതോടെ പാർക്കിലെ മാനുകളുടെ മരണസംഖ്യ 23 ആയി.
സെന്റ് ജോൺസിൽ നിന്നും പിടികൂടിയ മാനുകളെ 10 ദിവസത്തെ ക്വാറന്റൈനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് പാർക്കിലേക്ക് മാറ്റിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 27 വരെയുള്ള കാലയളവിലാണ് 23 മാനുകൾ ചത്തത്. വിദഗ്ദ്ധരായ മൃഗഡോക്ടർമാരുടെ ഒരു സംഘം ശേഷിക്കുന്ന മാനുകൾക്ക് ആവശ്യമായ വൈദ്യചികിത്സ നൽകുന്നുണ്ട്.
ശേഷിക്കുന്ന മാനുകൾ മരുന്നുകളോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നതായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സൂര്യ സെൻ പറഞ്ഞു.
മാനുകൾ ചത്തതിന്റെ കൃത്യമായ കാരണം ഫോറെൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ വ്യക്തമാകുവെന്ന് സെൻ പറഞ്ഞു. ഓഗസ്റ്റ് 22 നും സെപ്റ്റംബർ 5നും ഇടയിൽ പാർക്കിൽ കൊണ്ടുവന്ന ഏഴ് പുള്ളിപുലികളും ചത്തിരുന്നു.