ചെന്നൈ : തൂത്തുക്കുടി ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. രണ്ടുസ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
ശ്രീവൈകുണ്ഠം കുരീപ്പൻകുളം ഗ്രാമത്തിലുള്ള പടക്കശാലയിൽ ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളായ മുത്തുകണ്ണൻ (21), വിജയ് (25) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ സെൽവം (21), പ്രസാദ് (20), സെന്തൂർക്കനി (45), മുത്തുമാരി (45) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉടൻതന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ ജനവാസകേന്ദ്രങ്ങളിലേക്ക് പടർന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ കത്തിനശിച്ചതായി പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സെൽവത്തെയും പ്രസാദിനെയും തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലും സെന്തൂർക്കനിയെയും മുത്തുമാരിയെയും സാത്താൻകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസും തിരുച്ചെന്തൂർ ആർ.ഡി.ഒ. ഗുരുചന്ദ്രനും തെളിവെടുപ്പുനടത്തി.
മരിച്ചവരുടെ ആശ്രിതർക്ക് മൂന്നുലക്ഷംരൂപ വീതവും പരിക്കേറ്റവർക്ക് ഒരുലക്ഷം വീതവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ നസ്രത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.