Read Time:1 Minute, 24 Second
ചെന്നൈ : വൈദ്യുതക്കമ്പിയിൽ തട്ടി കണ്ടെയ്‌നറിന് തീപിടിച്ച് ആറു ലക്ഷം രൂപ വില വരുന്ന വീട്ടുപകരണങ്ങൾ കത്തി നശിച്ചു.
തൂത്തുക്കുടിയിലെ ഉള്ളി വ്യാപാരി സുരേഷ് കുമാറിന്റെ വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്.
വിരുദുനഗറിൽനിന്ന് കോവിൽപട്ടി പശുവന്തനൈ എന്ന സ്ഥലത്തുള്ള പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെ ഭാഗമായി വീട്ടുപകരണങ്ങൾ എത്തിക്കുകയായിരുന്നു സുരേഷ് കുമാർ.
യാത്രയ്ക്കിടെ കണ്ടെയ്നറിന്റെ മുകൾഭാഗം വൈദ്യുതക്കമ്പിയിൽ തട്ടി തീപിടിച്ചു. വാഷിങ് മെഷീനും ഫ്രിഡ്ജും ഉൾപ്പെടെ എല്ലാവീട്ടുപകരണങ്ങളും കത്തിച്ചാമ്പലായി.
ഡ്രൈവർ സേലം സ്വദേശി സെൽവം (66) വണ്ടിയിൽനിന്നും ചാടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
സംഭവത്തെത്തുടർന്ന് മേഖലയിൽ രണ്ട് മണിക്കൂറോളം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കോവിൽപട്ടി വെസ്റ്റ് പോലീസ് കേസെടുത്തു.