ചെന്നൈ : നാലുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റിൽ. നാമക്കൽ ജില്ലയിൽ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്നേഹയാണ് (23) അറസ്റ്റിലായത്.
തന്റെ പ്രണയബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരിൽ മകൾ പൂവരശിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് കൂട്ടുനിന്ന സ്നേഹയുടെ സഹോദരി കോകിലയും അറസ്റ്റിലായി.
ഭർത്താവ് മുത്തയ്യയ്ക്കും മകൾ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. ചെന്നൈയിൽ ത്തന്നെ താമസിച്ചിരുന്ന സെന്താമംഗലം സ്വദേശിയായ ശരത്തുമായി കുറച്ചുനാളുകളായി സ്നേഹ പ്രണയത്തിലായിരുന്നു.
അടുത്തിടെ ശരത്തിനൊപ്പം സ്നേഹ പോയിരുന്നു. എന്നാൽ, കുട്ടിയുള്ളതിനാൽ ശരത്തിന്റെ വീട്ടുകാർ ഇവരെ സ്വീകരിച്ചില്ല. തുടർന്ന് പോലീസ് ഇടപെടുകയും സ്നേഹയെ അവരുടെ ഗാന്ധിപുരത്തുള്ള വീട്ടിലേക്ക് അയക്കുകയും ചെയ്തു.
മാതാപിതാക്കൾക്കും സഹോദരിയ്ക്കും ഒപ്പം താമസിച്ചിരുന്ന സ്നേഹയുടെ കൂടെ മകൾ പൂവരശിയുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സ്നേഹയും സഹോദരിയും കുട്ടിയുമായി സമീപമുള്ള ബന്ധുവിന്റെ കൃഷിയിടത്തിൽ പോയി അവിടെ വെച്ച് കുട്ടിയെ കിണറ്റിലെറിയുകയുമായിരുന്നു.