ബെംഗളൂരു : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബസൻഗൗഡ പാട്ടീൽ യത്നാൽ.
സുഭാഷ് ചന്ദ്രബോസാണ് ആദ്യ പ്രധാനമന്ത്രിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എൽ.എ പരിഹസിക്കുന്നുണ്ട്.
”നിരാഹാര സമരം കൊണ്ടോ ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിളും കാണിച്ചുകൊടുക്കുമെന്ന വാക്കുകൾ കേട്ടോ ഒന്നുമല്ല നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
നേതാജി സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച ഭയം കാരണമാണ് നമ്മൾക്കു സ്വാതന്ത്ര്യം കിട്ടിയത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്.
സുഭാഷ് ചന്ദ്രബോസാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു”-മുൻ കേന്ദ്ര റെയിൽവേ-ടെക്സ്റ്റൈൽസ് സഹമന്ത്രി കൂടിയായ ബസൻഗൗഡ വാദിച്ചു.
നേരത്തെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സ്വന്തമായ കറൻസിയും കൊടിയും ദേശീയഗാനമെല്ലാമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.