ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോപാത തമിഴ്നാട്ടിലെ ഹൊസൂരുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയെ എതിർത്ത് വിവിധ കന്നഡ സംഘടനകൾ.
തമിഴ്നാട്ടിൽ നിന്ന് കൂടുതൽ ആളുകൾ ബെംഗളൂരുവിൽ കുടിയേറുമെന്നും ഇത് ഐ.ടി. നഗരത്തിലെ തദ്ദേശീയർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് ഉന്നയിക്കുന്നത്.
നമ്മ മെട്രോയെ ഹൊസൂരുമായി ബന്ധിപ്പിക്കരുതെന്നും ഇപ്പോൾ തന്നെ തമിഴ്നാട്ടിൽനിന്ന് ആളുകൾ ബെംഗളൂരുവിലെത്തി താമസമാക്കിയിട്ടുണ്ടെന്നും കർണാടക രക്ഷണ വേദികെ പ്രസിഡന്റ് നാരായൺ ഗൗഡ പറഞ്ഞു. അതിർത്തി പ്രദേശങ്ങളായ അത്തിബലെ, ഇലക്ട്രോണിക്സിറ്റി എന്നിവിടങ്ങളിൽ തമിഴ്നാട്ടിൽനിന്നുള്ളവരെത്തി വലിയ കമ്പനികളിൽ ജോലിചെയ്യുന്നുണ്ട്.
മെട്രോയെ തമിഴ്നാടുമായി ബന്ധിപ്പിച്ചാൽ കൂടുതൽ ആളുകൾ ബെംഗളൂരുവിലെത്തുന്നതിനിടയാക്കും. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും അറിയിച്ചിട്ടുണ്ട്.
കന്നഡികരെ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും മെട്രോ രാമനഗരയിലേക്കോ ബിഡദിയിലേക്കോ നീട്ടുന്നതിന് പകരം ഹൊസൂരിലേക്ക് നീട്ടുന്നതെന്തിനാണെന്ന് അറിയണമെന്നും കന്നഡ സംഘടനാ പ്രവർത്തകനായ സജിത്ത് പറഞ്ഞു.
ബൊമ്മസാന്ദ്രയിൽ നിന്ന് ഹൊസൂരിലേക്ക് മെട്രോ റെയിൽപ്പാത നീട്ടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം അവസാനം ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചർച്ച നടത്തിയിരുന്നു. .23 കിലോമീറ്റർ പാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്.
ഇതിൽ 12 കിലോമീറ്റർ കർണാടകത്തിലും 11 കിലോമീറ്റർ തമിഴ്നാട്ടിലുമായിരിക്കും. ആകെ 12 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്. നടപ്പാവുകയാണെങ്കിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തസ്സംസ്ഥാന മെട്രോയായിരിക്കും.