ചെന്നൈ : പൂക്കളമിട്ട്, സദ്യ യൊരുക്കി, ഓണക്കോടിയുടുത്ത് നിൽക്കുന്ന മലയാളികളുടെ നടുവിലേക്ക് മാവേലി എത്തുന്ന സുദിനമെത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്കൊപ്പം ചെന്നൈ മലയാളികളും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി.
നാടിന്റെ നന്മ നിറഞ്ഞുനിൽക്കുന്ന ചടങ്ങുകളോടെയാണ് നഗരത്തിലെ ഓണാഘോഷങ്ങൾ. ഇതിനുള്ള പാച്ചിൽ ശനിയാഴ്ചയോടെ അവസാനിച്ചു. സംഘടനാപരിപാടികളും അവസാനിപ്പിച്ച് വീടുകളിലെ ആഘോഷത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്.
നാട്ടിൽനിന്ന് ഏറെ അകലെയാണെങ്കിലും തനിമ നഷ്ടമാകാതെ സദ്യ അടക്കമുള്ള ഒരുക്കങ്ങൾക്ക് സഹായകമായ ഓണച്ചന്തകളിൽ ശനിയാഴ്ചയും തിരക്കായിരുന്നു.
എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ തന്നെ മിക്കയിടങ്ങളിലും സാധനങ്ങൾ തീർന്നിരുന്നു. നാടൻ നേന്ത്രക്കായ, കാന്താരി, കാച്ചിൽ തുടങ്ങിയവയ്ക്കായിരുന്നു ഓണച്ചന്തയിൽ ആവശ്യക്കാർഏറെയുണ്ടായിരുന്നത്. പായസ കിറ്റുകളും അതിവേഗം വിറ്റു പോയി. കായ വറുത്തത്, ശർക്കരവരട്ടി എന്നിവയുടെയും കച്ചവടം പൊടിപൊടിച്ചു.
റസ്റ്ററന്റുകളിൽ ഉത്രാടം നാളിലും സദ്യയുണ്ടായിരുന്നു. പല വർഷങ്ങളിലും വീടുകളിൽ ഉത്രാട ദിവസം സദ്യ ഒരുക്കാൻ പലർക്കും സാധിക്കാറില്ല. എന്നാൽ ഇത്തവണ വാരാന്ത അവധിയായിരുന്നതിനാൽ ഉത്രാട സദ്യയുമുണ്ടായിരുന്നു. സംഘടനകളുടെ ഓണാഘോഷങ്ങൾ ഉത്രാട ദിവസവുമുണ്ടായിരുന്നു.
സംഘടനകളുടെ ഓണസദ്യയുമുണ്ടായിരുന്നു. പത്ത് ദിവസവും പൂക്കളമിടുന്നവർ ചുരുക്കമാണെങ്കിലും ശനിയാഴ്ച മലയാളികളിൽ പലരുടെയും വീടുകൾക്ക് മുന്നിൽ മനോഹരമായ പൂക്കളം കാണാമായിരുന്നു. ഫ്ലാറ്റുകൾക്ക്മുൻപിൽ പരിമിതമായ സ്ഥലത്തും ഭംഗിയായി ഒരുക്കിയ പൂക്കളം കാണാൻ അയൽക്കാരും എത്തി.
തിരുവോണ ദിവസം സുഹൃത്തുകളെയും അയൽക്കാരെയും സദ്യയ്ക്ക് ക്ഷണിക്കുന്ന പതിവ് ഇത്തവണയും മിക്കവരും തെറ്റിച്ചിട്ടില്ല. തനി കേരള രുചിയിലുള്ള സദ്യ കഴിക്കാൻ ഇതരഭാഷക്കാരായ സുഹൃത്തുകൾ പലരും കാത്തിരിക്കുന്നതിനാൽ സദ്യം കെങ്കേമമാക്കുക ചെന്നൈ മലയാളികളുടെ അഭിമാന പ്രശ്നമാണ്. അതിനാലാണ് മിക്കവരും കേരളത്തിൽനിന്നുള്ള സാധനങ്ങൾ ലഭിക്കുന്ന ഓണച്ചന്തകളെ ആശ്രയിക്കുന്നത്.