ചെന്നൈ : അപകടരഹിത തീവണ്ടിയാത്രയ്ക്ക് പാളങ്ങൾ നവീകരിക്കുന്നതിനായുള്ള ആധുനിക ഉപകരണങ്ങൾ പുറം കരാർ പണി വഴി വാങ്ങാൻ റെയിൽവേ സോണുകൾക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി.
തീവണ്ടികൾ പാളം തെറ്റുന്നത് ഒഴിവാക്കാൻ പുതുതായി റിക്രൂട്ട് ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് ലോക്കോ സിമുലേറ്റർ ഉപയോഗിച്ച് പരിശീലനം നൽകാനും തീരുമാനിച്ചു.
നിർത്തിയിട്ട തീവണ്ടി എൻജിനിലെ ലോക്കോ പൈലറ്റുമാരുടെ ക്യാബിനിൽ ലോക്കോ സിമുലേറ്റേർ ഘടിപ്പിച്ചാൽ തീവണ്ടിയിൽ പോകുന്ന അതേ അനുഭവമുണ്ടാകും.
ഇപ്പോൾ മുതിർന്ന ലോക്കോ പൈലറ്റുമാരാണ് ജോലിയിൽ പ്രവേശിക്കുന്നവർക്ക് പരിശീലനം നൽകുന്നത്. അതിനുപകരം ലോക്കോ സിമുലേറ്ററിന്റെ സഹായത്താൽ കൂടുതൽ കാര്യക്ഷമമായി പരിശീലനം നൽകാൻ കഴിയും.
സ്പെയിൻ, ബെൽജിയം, പോളണ്ട് എന്നീ രാജ്യങ്ങളിൽനിന്ന് 17 ലോക്കോ സിമുലേറ്ററുകൾ വാങ്ങാനായി 212.25 കോടി രൂപയുടെ കരാർ നൽകി. അഗ്നിരക്ഷാ ഉപകരണങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും വാങ്ങാൻ കരാർ നൽകാനും ധാരണയായിട്ടുണ്ട്.
റെയിൽവേ പാളം നവീകരിക്കാൻ ആവശ്യമായ ജീവനക്കാരില്ലാത്തതും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്.
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നവീകരിച്ചാലാണ് അറ്റകുറ്റപ്പണികൾ കാര്യക്ഷമായി നടക്കുകയെന്നും റെയിൽവേ ബോർഡ് അറിയിച്ചു. കൂടുതൽ തീവണ്ടികൾ സർവീസ് നടത്തുന്നതിനാൽ അറ്റകുറ്റപ്പണിക്ക് ലഭിക്കുന്ന സമയം കുറവാണ്