ചെന്നൈ : കായിക, യുവജനക്ഷേമ വകുപ്പുമന്ത്രിയായ മകൻ ഉദയനിധിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകുന്നതുസംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡി.എം.കെ.യിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി.
ചർച്ചയിൽ ധാരണയായെന്നും വൈകാതെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നും ഒരുമാസത്തിനുള്ളിൽ പദവിയേൽക്കുമെന്നുമാണ് നേതാക്കൾ നൽകുന്ന സൂചന.
തനിക്ക് പുതിയപദവി നൽകുന്നകാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ഉദയനിധി പ്രതികരിച്ചു.
ഉദയനിധിയുടെ പദവി ഉയർത്തലിനൊപ്പം മന്ത്രിസഭയിൽ മാറ്റംവരുത്താനും ആലോചനയുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയുടെ ഉത്തരവ് വന്നശേഷം മന്ത്രിസഭാ പുനഃസംഘടന നടത്താനാണ് നീക്കം.
ബാലാജിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. അങ്ങനെയെങ്കിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
ഉദയനിധിയുടെ സ്ഥാനാരോഹണത്തിന് ശുഭദിനത്തിനായി കാത്തിരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സ്റ്റാലിൻ നിരീശ്വരവാദിയാണെങ്കിലും ഭാര്യ ദുർഗ വിശ്വാസിയാണ്. എന്നാൽ, പാർട്ടി തീരുമാനങ്ങളിൽ ഇത്തരം വിഷയങ്ങൾ പരിഗണിക്കാറില്ലെന്നാണ് ഡി.എം.കെ. നേതാക്കൾ പറയുന്നത്.