ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ 100 രൂപ നാണയത്തിന്റെ ഓൺലൈൻ വിൽപ്പന ആദ്യദിവസംതന്നെ തീർന്നു.
സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ( www.spmcil.com) കഴിഞ്ഞദിവസമാണ് നാണയം വിൽപ്പനയ്ക്ക് ലഭ്യമാക്കിയത്. 1500 നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. 4470 രൂപയായിരുന്നു വില. വിൽപ്പന തുടങ്ങി അധികം വൈകാതെ വിറ്റുതീർന്നു.
ഇതിനുമുമ്പ് ഈ നാണയം 10,000 രൂപയ്ക്ക് ഡി.എം.കെ. ഓഫീസിൽ വിൽപ്പനയ്ക്ക് വെച്ചപ്പോഴും അതിവേഗം തീർന്നിരുന്നു. ഡി.എം.കെ. നേതാക്കളും പ്രവർത്തകരുമാണ് നാണയം വാങ്ങിയത്.
ഓൺലൈൻ മുഖേന വാങ്ങിയതും ഡി.എം.കെ. പ്രവർത്തകർ തന്നെയാണെന്നാണ് സൂചന. കഴിഞ്ഞമാസമാണ് കരുണാനിധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കിയത്.
ചെന്നൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് നാണയം പ്രകാശനം ചെയ്തത്.