ചെന്നൈ : ചെന്നൈ റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യഷോപ്പുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണറെയിൽവേ അധികൃതർ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (ടാസ്മാക്) അധികൃതർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
മൂന്നുദിവസംമുൻപ് ചെന്നൈക്കടുത്ത് തിരുവള്ളൂർ ജില്ലയിലെ പൊന്നേരി റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്നൽ ബോക്സിലെ ബോൾട്ടുകൾ അഴിച്ചിട്ടിരുന്നു.
ഇത് പുലർച്ചെയുള്ള സബർബൻ സർവീസുകളെ ബാധിച്ചിരുന്നു. പലപ്പോഴും ടാസ്മാക് ഷോപ്പുകൾക്കു സമീപത്തുനിന്ന് തീവണ്ടിക്കു കല്ലെറിയുന്നത് പതിവാണെന്നും റെയിൽവേ അധികൃതർ അയച്ചകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി 39 ടാസ്മാക് ഷോപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
പെരമ്പൂർ, വേളാച്ചേരി, സൈദാപ്പേട്ട, ഗിണ്ടി, തരമണി, പഴവന്താങ്ങൾ, പെരുങ്കുടി, തിരുവള്ളൂർ, ഊരപ്പാക്കം, ക്രോംപ്പേട്ട്, ആർക്കോണം, ഹിന്ദു കോളേജ്, ആവഡി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളുൾപ്പെടെ 19 എണ്ണത്തിന് സമീപമായി ടാസ്മാക് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ലെവൽ ക്രോസിങ്ങുകൾക്കുസമീപമുള്ള മദ്യഷോപ്പുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കുസമീപം മദ്യഷോപ്പുകൾ പ്രവർത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്.