ചെന്നൈ : തമിഴ്നാട്ടിൽ മുൻ ഡി.ജി.പി.യുടെ ഭാര്യയെയും സൈബർ തട്ടിപ്പുസംഘം കബളിപ്പിച്ചു. മുംബൈ പോലീസിൽനിന്നാണെന്നുപറഞ്ഞ് വിളിച്ചസംഘം 90,000 രൂപയാണ് തട്ടിയെടുത്തത്.
ചെന്നൈ പോലീസ് കമ്മിഷണറായിരുന്ന അന്തരിച്ച ഐ.പി.എസ്. ഓഫീസർ എസ്. ശ്രീപാലിന്റെ ഭാര്യ കമാലിയാണ് തട്ടിപ്പിനിരയായത്.
മുംബൈ പോലീസിൽനിന്നാണെന്നു പറഞ്ഞ് വിളിച്ച തട്ടിപ്പുകാർ കമാലിയുടെ ഫോൺനമ്പർ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നറിയിച്ചു.
രണ്ടുമണിക്കൂറു കഴിഞ്ഞാൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും അതിനായി അക്കൗണ്ടിലെ 90,000 രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റണമെന്നും നിർദേശിച്ചു.
പരിശോധന കഴിഞ്ഞാൽ പണം തിരികെലഭിക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച കമാലിക്ക് പണം നഷ്ടമായപ്പോഴാണ് തട്ടിപ്പായിരുന്നെന്ന് മനസ്സിലായത്.
തമിഴ്നാട് ഡി.ജി.പി.യായി 1996-ൽ വിരമിച്ച ശ്രീപാൽ 1980 മുതൽ 1985 വരെ ചെന്നൈ പോലീസ് കമ്മിഷണറായിരുന്നു. 2016-ലാണ് അദ്ദേഹം അന്തരിച്ചത്.
കമാലിയുടെ പരാതിയിൽ ചെന്നൈ പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ നൂറിലേറെ ഇന്ത്യൻ സിംകാർഡുകളുമായി രണ്ടുമലേഷ്യക്കാരെ ചെന്നൈ വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്തു.
സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാണ് ഇത്രയധികം സിംകാർഡുകൾ കൈവശംവെച്ചതെന്നാണ് കരുതുന്നത്.