തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളായ സൂര്യയും വിക്രമും പ്രശസ്ത സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ഒരു വമ്പൻ പ്രോജക്റ്റിനായി വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്.
ബാലയുടെ “പിതാമഗൻ” എന്ന ചിത്രത്തിലെ അവിസ്മരണീയമായ ഒന്നിക്കലിനു ശേഷം, 21 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നതെന്നാണ് വാർത്ത.
നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന വിശേഷണവും ഇതിനുണ്ട്. രണ്ട് താരരാജാക്കൻമാരുടെ ഒന്നിക്കലിനായി കാത്തിരിക്കുകയാണിപ്പോൾ പ്രേക്ഷകലോകം.
എസ് യു വെങ്കിടേശന്റെ “വേൽപാരി” എന്ന വളരെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ശങ്കർ ചിത്രമൊരുക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശങ്കറിനൊപ്പമുള്ള വിക്രത്തിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.
നേരത്തെ ‘അന്യൻ’, ‘ഐ’ തുടങ്ങിയ അവിസ്മരണീയ ചിത്രങ്ങൾ ഇരുവരും ചേർന്ന് നമുക്ക് നൽകിയിട്ടുണ്ട്. മറുവശത്ത്, ശങ്കറിനൊപ്പമുള്ള സൂര്യയുടെ ആദ്യ ചിത്രമാണിത്.
ശങ്കറിപ്പോൾ തന്റെ പുതിയ ചിത്രമായ ഗെയിം ചേഞ്ചറിന്റെ ആവസാനവട്ട മിനുക്കുപണിത്തിരക്കിലാണ്. അത് പൂർത്തിയാകുന്നതോടെ ചരിത്ര സിനിമയ്ക്കായി തയ്യാറെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൂര്യയും വിക്രമും യഥാക്രമം വേൽപാരിയായും പാണ്ഡ്യരാജാവായും വേഷമിടുമെന്നും ബിഗ് ബജറ്റിലായിരിക്കും ഈ ചരിത്രസിനിമ ഒരുങ്ങുന്നതെന്നും അഭ്യഹമുണ്ട്.
തമിഴ് സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റുകളിലൊന്നാണിതെന്നതിൽ സംശയമില്ല. “വേൽപാരി” നോവലുമായി ബന്ധപ്പെട്ട രംഗങ്ങൾ മറ്റ് സിനിമകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ചലച്ചിത്ര പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി ശങ്കർ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു,
തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദഹം പറഞ്ഞിരുന്നു.ഈ കാരണങ്ങൾകൊണ്ടു കൂടിയാണ് വേൽപാരിയായിരിക്കും സിനിമയുടെ ഇതിവൃത്തമെന്ന് കണക്കുട്ടലുകൾ വരുന്നത്.