ചെന്നൈ : വിവിധപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കുള്ള പണം അനുവദിക്കുക, സമഗ്ര ശിക്ഷാ അഭിയാനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചത് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സ്റ്റാലിൻ ഉന്നയിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർ ശ്രീലങ്കയിൽ അറസ്റ്റിലാവുന്ന സംഭവങ്ങൾ തടയുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രി സമർപ്പിച്ചു. പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച സ്റ്റാലിൻ തമിഴ്‌നാട്ടിൽനിന്നുള്ള ഉപഹാരങ്ങളും നൽകി.
രാവിലെ 11-ഓടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ മുഖ്യമന്ത്രി 45 മിനിറ്റ് അവിടെ ചെലവഴിച്ചു. കൂടിക്കാഴ്ചയ്ക്ക് സാധാരണ 15 മിനിറ്റാണ് നൽകാറെന്നും എന്നാൽ സംസാരം 40 മിനിറ്റു നീണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ അദ്ദേഹം സശ്രദ്ധം കേട്ടു. പരിഗണിക്കാമെന്ന് അറിയിക്കുകയുംചെയ്തു. ‘‘ആഹ്ലാദജനകമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നത്. അത് ഗുണപ്രദമാക്കി മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയാണ്’’ -പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സ്റ്റാലിൻ പറഞ്ഞു.
ഡൽഹിയിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെയും സ്റ്റാലിൻ സന്ദർശിച്ചു. ശനിയാഴ്ച കാഞ്ചീപുരത്തു നടക്കുന്ന ഡി.എം.കെ. പൊതു സമ്മേളനത്തിലേക്ക് അദ്ദേഹം സോണിയയെ ക്ഷണിച്ചു. അന്തരിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീടുസന്ദർശിച്ച സ്റ്റാലിൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. വ്യാഴാഴ്ച രാത്രി ഡൽഹിയിലെത്തിയ സ്റ്റാലിനെ ഡി.എം.കെ. നേതാക്കളായ ടി.ആർ. ബാലു, തിരുച്ചി ശിവ, കനിമൊഴി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.