തല അജിത് കുമാർ തന്റെ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു. തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാറിന്റെ ടീമിന്റെ പേര് “അജിത് കുമാർ റേസിംഗ്” എന്നാണ്.
വെള്ളിയാഴ്ച നടന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ഈ വാർത്ത പങ്കുവെച്ചത്. ഫെരാരി 488 EVO ചലഞ്ച് ദുബായ് ഓട്ടോഡ്രോമിൽ അജിത്ത് അടുത്തിടെ പരീക്ഷിച്ചതായി സുരേഷ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി.
റേസിംഗ് കാറിനൊപ്പം നിൽക്കുന്ന അജിന്റെ ചിത്രത്തിനൊപ്പം സുരേഷ് ചന്ദ്ര ഇങ്ങനെ കുറിച്ചു. “ഒരു പുതിയ ആവേശകരമായ സാഹസികതയുടെ തുടക്കം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു: അജിത് കുമാർ റേസിംഗ്. ഫാബിയൻ ഡഫിയക്സ് ഔദ്യോഗിക റേസിംഗ് ഡ്രൈവറായിരിക്കും”.
നീണ്ട ഇടവേളക്കു ശേഷം വീണ്ടും റേസിങ് ട്രാക്കിലേക്ക് മടങ്ങിയെത്തുകയാണ് തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ അജിത് കുമാര്‍. സിനിമലോകത്തെ തിരക്കുകള്‍ക്ക് ഇടവേള നല്കി മറ്റൊരു സ്വപ്നത്തിനു പിന്നാലെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് താരം.
ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യ 2025ല്‍ നടക്കുന്ന യൂറോപ്യന്‍ ജി.ടി 4 ചാമ്പ്യന്‍ഷിപ്പില്‍ അജിത് മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വേദിയിലും എഫ്ഐഎ ചാമ്പ്യൻഷിപ്പുകളിലും മത്സരിക്കുന്ന ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് അജിത്ത്. 2004 ഫോർമുല ഏഷ്യ ബിഎംഡബ്ല്യു എഫ്3 ചാമ്പ്യൻഷിപ്പ് , 2010 ഫോർമുല 2 ചാമ്പ്യൻഷിപ്പ് എന്നിവയിലും മത്സരിച്ചിട്ടുണ്ട്.
പുതുതായി രൂപീകരിച്ച റേസിംഗ് ടീം പോർഷെ 992 GT3 കപ്പ് വിഭാഗത്തിൽ മത്സരിക്കുന്ന 24hseries യൂറോപ്യൻ സീരീസിൽ തുടങ്ങി വിവിധ അന്താരാഷ്ട്ര റേസിംഗ് പരമ്പരകളിൽ പങ്കെടുക്കും.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട കുറിപ്പിൽ, തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന്, കഴിവുള്ള യുവ ഡ്രൈവർമാർക്ക് പൂർണ്ണ പിന്തുണയുള്ള റേസിംഗ് പ്രോഗ്രാം നൽകുന്നതിനൊപ്പം അവരെ സഹായിക്കുക എന്നതാണെന്ന് അജിത് പറയുന്നു.
അധിക് രവിചന്ദ്രന്റെ ഗുഡ് ബാഡ് അഗ്ലിയും മഗിഴ് തിരുമേനിയുടെ വിടാ മുയാർച്ചിയുമാണ് ഇനി അജിതിന്റേതായി ഇറങ്ങാനുള്ള രണ്ട് ചിത്രങ്ങൾ.